മുഖപ്രസംഗം
.........................
വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം. ഭിന്നാഭിപ്രായങ്ങൾ കാണുമെങ്കിലും പതിറ്റാണ്ടുകളായി വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഒഴുക്കില്ലാത്ത ജലം പോലെ കെട്ടിനിൽക്കുന്ന വിദ്യാഭ്യാസ രീതികളിൽ ആശാവഹമായ പരിഷ്കാരങ്ങൾ ഉറപ്പാക്കുന്നതാണ് പുതിയ നയമെന്ന് ഒറ്റനോട്ടത്തിൽ അറിയാം. അടുത്ത പതിറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്യത്ത് 18 വയസുവരെയുള്ള മുഴുവൻ കുട്ടികൾക്കും പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് പുതിയ നയം ലക്ഷ്യമിടുന്നുണ്ട്. കുട്ടികളുടെ അവകാശമെന്ന നിലയ്ക്കുതന്നെ അത് നടപ്പാക്കാനുള്ള പദ്ധതിയുമായി രാജ്യം മുന്നോട്ടുപോകും. മൂന്നു വയസു മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾ ഇടയ്ക്കുവച്ച് പഠനം ഉപേക്ഷിച്ചു പോകാതിരിക്കാനാവശ്യമായ കരുതലും പുതിയ നയത്തിന്റെ ഭാഗമാണ്. പുതിയ ഇന്ത്യയിൽ നിരക്ഷരരായി ആരും ഉണ്ടാകരുത് എന്നാണ് സങ്കല്പം. പഴയ തലമുറയിൽ നല്ലൊരു ശതമാനം ഇപ്പോഴും ആ ഗണത്തിൽ പെടുന്നവരാണെങ്കിലും പുതുതലമുറ അറിവിന്റെ വെളിച്ചവുമായി മുന്നേറണമെന്ന അഭിലാഷമാണ് പുതിയ വിദ്യാഭ്യാസ നയം ആവിഷ്കരിച്ച വിദഗ്ദ്ധ സമിതി പങ്കുവച്ചിരിക്കുന്നത്. ഐ.എസ്.ആർ.ഒയുടെ മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗന്റെ അദ്ധ്യക്ഷതയിലുള്ള വിദഗ്ദ്ധ സമിതിക്കായിരുന്നു പുതിയ നയാവിഷ്കരണത്തിന്റെ ചുമതല. സമിതി അതിന്റെ ദൗത്യം വലിയ വിമർശനങ്ങൾക്കിടയില്ലാതെ ഭംഗിയായി നിറവേറ്റിയിട്ടുണ്ടെന്നാണ് മനസിലാവുന്നത്.
രാജ്യത്തെവിടെയും വലിയ ചൂഷണകേന്ദ്രങ്ങളായി മാറിയിരിക്കുന്ന പ്രീ സ്കൂൾ മേഖലയെക്കൂടി മുഖ്യധാരയിൽ കൊണ്ടുവരാനുള്ള നിർദ്ദേശം പുതിയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഏറ്റവും വലിയ മാറ്റമായി ഇതിനെ കാണണം. നഴ്സറി തലം ഇപ്പോൾ ആരുടെയും നിയന്ത്രണത്തിലല്ലാത്തതിനാൽ തോന്നും പടിയാണ് അവിടെ കാര്യങ്ങൾ. കളിച്ചും ചിരിച്ചും ഉല്ലാസപൂർവം നടക്കേണ്ട പ്രായത്തിൽ പാഠപുസ്തകങ്ങളുമായി കുരുന്നു ബാല്യങ്ങളുടെ മനസിൽ പഠനത്തോടു തന്നെ വിരക്തി ഉളവാക്കുന്ന തരത്തിൽ വിദ്യ അടിച്ചേല്പിക്കുന്ന സമ്പ്രദായത്തിന് മാറ്റമുണ്ടാകുന്നത് കുട്ടികൾക്കു മാത്രമല്ല അവരുടെ ഓരോ കാലടിവയ്പും സാകൂതം നോക്കിയിരിക്കുന്ന മാതാപിതാക്കൾക്കും എത്രമാത്രം ആശ്വാസകരമാവുമെന്നു പറയേണ്ടതില്ല.
ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾ പൂർണമായും പുറത്തുകൊണ്ടുവരുന്ന തരത്തിലാകണം വിദ്യാഭ്യാസ സമ്പ്രദായം കരുപ്പിടിപ്പിക്കാൻ എന്ന അടിസ്ഥാന തത്വം ഉൾക്കൊണ്ടുകൊണ്ടുള്ളതാണ് പുതിയ നയം. ഇതിനായി സ്കൂൾ തലത്തിൽ മാത്രമല്ല ഉന്നത വിദ്യാഭ്യാസ മേഖലയിലും ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഇപ്പോൾ സ്കൂൾ പാഠ്യപദ്ധതിയുടെ പുറത്തു നിൽക്കുന്ന പ്രീസ്കൂൾ വിഭാഗത്തെക്കൂടി ഉൾപ്പെടുത്തി എട്ടു വയസു വരെയുള്ള കുട്ടികളാണ് ആദ്യ ഘട്ടത്തിൽ വരിക. ആറുവയസുവരെ പ്രീ സ്കൂൾ തുടർന്ന് ഒന്നും രണ്ടും ക്ളാസുകൾ. മൊത്തം അഞ്ചു വർഷമാണ് ഒന്നാം ഘട്ടത്തിൽ. 8 - 11 പ്രായക്കാർ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിൽ മൂന്നും അഞ്ചും ക്ളാസുകളാണ്. ആറു മുതൽ എട്ടുവരെയുള്ള ക്ളാസുകൾ മൂന്നാം ഘട്ടത്തിൽ വരും. ഒൻപതു മുതൽ പന്ത്രണ്ടാം ക്ളാസ് വരെയാണ് ഒടുവിലത്തെ ഘട്ടം. പതിനെട്ടാം വയസിലാകും സ്കൂൾ പഠനം പൂർത്തിയാക്കി കുട്ടികൾ ഉപരിപഠനത്തിലേക്കു തിരിയുക. പ്രായ പരിഗണനയിൽ ഇപ്പോഴത്തേതിൽ നിന്ന് വലിയ മാറ്റമല്ല ഇത്.
അഞ്ചാം ക്ളാസ് വരെ അദ്ധ്യയന മാദ്ധ്യമം മാതൃഭാഷയിൽത്തന്നെ വേണമെന്നാണ് പുതിയ നയം. നിലവിലുള്ള ഇംഗ്ളീഷ് മീഡിയം സ്കൂളുകളെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തത വരേണ്ടതുണ്ട്. പ്രീ സ്കൂൾ തൊട്ടേ ഇംഗ്ളീഷ് ബോധന രീതി പിന്തുടരുന്ന ആയിരക്കണക്കിനു സ്കൂളുകൾ രാജ്യത്തുണ്ട്. അത്തരം സ്കൂളുകളിലും മാതൃഭാഷ നിർബന്ധമാക്കിയ സംസ്ഥാനങ്ങളുണ്ട്. അഞ്ചാം ക്ളാസ് വരെ ബോധന മാദ്ധ്യമം പൂർണമായും മാതൃഭാഷയാകണമെന്നു ശഠിച്ചാൽ വലിയ തോതിൽ എതിർപ്പുയർന്നേക്കാം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതായിട്ടാണിരിക്കുന്നത്.
പുതിയ നയത്തിലെ മറ്റൊരു പ്രധാന സവിശേഷത ആർട്സ്, സയൻസ് വിഷയങ്ങളിൽ ഇന്നുള്ള വേർതിരിവ് ഗണ്യമായി കുറയുമെന്നതാണ്. ഇഷ്ടമുള്ള വിഷയങ്ങൾ പഠിക്കാൻ കുട്ടികൾക്ക് അവസരം നൽകുന്ന വിധത്തിലാകും പാഠ്യക്രമം. ആറാം ക്ളാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത പഠനത്തിന് അവസരം നൽകുന്നതും കുട്ടികൾക്കു ഗുണകരമാകും. പഠനം പൂർത്തിയാക്കി ഒന്നിനും കൊള്ളാത്തവരായി പുറത്തുവരുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നുള്ള സ്വാഗതാർഹമായ മോചനമാണത്. പഠനം കഴിഞ്ഞ് ഇഷ്ടമുള്ള തൊഴിലെടുത്തു ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. ത്രിഭാഷാ പഠന സമ്പ്രദായത്തിൽ സംസ്കൃതത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. ഇഷ്ടമുള്ളവർക്ക് മൂന്നാം ഭാഷയായി സംസ്കൃതം തിരഞ്ഞെടുക്കാം. ദേശീയ തലത്തിൽ ഏകീകൃത ആംഗ്യ ഭാഷയും നിലവിൽ വരുന്നത് ആ വിഭാഗത്തിൽപ്പെടുന്നവർക്ക് ഉപകാരപ്രദമാകും.
പത്തും പന്ത്രണ്ടും ക്ളാസുകളിൽ ബോർഡ് പരീക്ഷകൾ തുടരാനാണ് തീരുമാനം. കോളേജ് പ്രവേശനം രാജ്യമൊട്ടാകെ ഏകീകൃത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും. അപ്പോൾ രാജ്യമെങ്ങും സ്കൂൾ പാഠ്യപദ്ധതി ഏകീകൃത സ്വഭാവത്തിലായിരിക്കുമോ എന്നു വ്യക്തമാകേണ്ടതുണ്ട്. പ്രാദേശികമായ പഠന രീതിയും സിലബസും ഭിന്നമായതിനാൽ കേന്ദ്രീകൃത പ്രവേശന പരീക്ഷ ധാരാളം പരിമിതികൾ സൃഷ്ടിക്കുമെന്ന് ഓർക്കേണ്ടതുണ്ട്. രാജ്യമൊട്ടാകെ സിലബസ് ഏകീകരണമാണ് ഇതിനു പോംവഴി. ബിരുദ പഠനം നാലുവർഷമെന്ന പരിഷ്കാരം ഇപ്പോൾത്തന്നെ ചിലേടങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. അദ്ധ്യാപക പരിശീലനത്തിന് ഇനി മുതൽ നാലു വർഷ ഇന്റഗ്രേറ്റഡ് കോഴ്സ് നിർബന്ധമാക്കുന്നത് അദ്ധ്യാപകരുടെ മികവ് വർദ്ധിപ്പിക്കാൻ ഉപകരിക്കും. നാലു വർഷ ഡിഗ്രി പഠിക്കുന്നവർക്ക് ഏതു വർഷവും പഠനം അവസാനിപ്പിച്ചാൽ അതിനു തക്ക സർട്ടിഫിക്കറ്റ് ലഭിക്കുമെന്നതാണ് പുതിയ പരിഷ്കാരത്തിൽ പ്രധാനം. തീർച്ചയായും നല്ലൊരു മാറ്റമാണിത്. ബിരുദം വേണമെങ്കിൽ മൂന്നുവർഷം പഠനം പൂർത്തിയാക്കി പരീക്ഷ പാസാകണം. നാലാം വർഷം പൂർത്തിയാക്കുന്നവർക്ക് ഗവേഷണാധിഷ്ഠിത ബിരുദമാകും ലഭിക്കുക. ബിരുദാനന്തര ബിരുദം കഴിയുമ്പോൾ വേറെയൊന്നും ചെയ്യാനില്ലാത്തതിനാൽ പലരും ഇപ്പോൾ എം.ഫിൽ പഠനത്തിലേക്കാണ് തിരിയുന്നത്. എം.ഫിൽ പഠനം നിറുത്തലാക്കാനാണ് തീരുമാനം. ഗവേഷണത്തിൽ അഭിരുചിയും മിടുക്കുമുള്ളവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. നിയമ, മെഡിക്കൽ കോളേജുകൾ ഒഴികെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒറ്റ നിയന്ത്രണ അതോറിട്ടി മതിയെന്ന തീരുമാനവും നല്ലതു തന്നെ.
തലവരി നിരോധിച്ചിട്ടുള്ളപ്പോൾത്തന്നെയാണ് സ്കൂൾ പ്രവേശനത്തിൽ പോലും വൻതോതിൽ ഈ സാമൂഹ്യ തിന്മ അരങ്ങുവാഴുന്നത്. മെഡിക്കൽ രംഗത്തു പതിനഞ്ചും ഇരുപതും ലക്ഷം രൂപ വാർഷിക ഫീസ് നൽകി പഠിക്കേണ്ടിവരുന്നവരുടെ സാമൂഹിക പ്രതിബദ്ധത ഏതു തരത്തിലാകുമെന്നു ഊഹിക്കാവുന്നതേയുള്ളൂ. ഇതുപോലുള്ള വാണിജ്യവത്കരണവും അനഭിലഷണീയ പ്രവണതകളും നിയന്ത്രിക്കാൻ പര്യാപ്തമായ നിയമ നിർമ്മാണത്തിനു കൂടി കേന്ദ്രം തയ്യാറാകണം.