ramesh-chennithala

തിരുവനന്തപുരം: ജനങ്ങൾ എന്തു പറഞ്ഞാലും കേൾക്കില്ല എന്ന പ്രത്യേക മാനസികാവസ്ഥയുള്ളത് മുഖ്യമന്ത്രിക്കാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകിട്ടണമെന്ന് ചിന്തിക്കുന്ന പ്രതിപക്ഷനേതാവിന്റേത് പ്രത്യേക മാനസികാവസ്ഥയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനാണ് ചെന്നിത്തലയുടെ മറുപടി.

വി.എസ്. അച്യുതാനന്ദനെപ്പറ്റിയാണ് പിണറായി ആദ്യം അങ്ങനെ പറഞ്ഞത്. എനിക്കിനി എന്ത് മാനസികാവസ്ഥയാണെന്ന് പറഞ്ഞാലും ഞാനെന്റെ ഉത്തരവാദിത്വം നിറവേറ്റും.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരായ അന്വേഷണത്തെ പ്രതിപക്ഷം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഇതുപോലെ പ്രതിക്കൂട്ടിലായ സംഭവമുണ്ടായിട്ടില്ല. രാജ്യദ്രോഹത്തിന് കൂട്ടുനിൽക്കുന്നത് നിസാരമായി നോക്കിക്കാണേണ്ടതല്ല. മുഖ്യമന്ത്രി അതിനെ നിസാരമായി തള്ളുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന് അതങ്ങനെയല്ല. നിയമസഭ വിളിക്കുന്നില്ല. ഇടതുമുന്നണി ചേരുന്നില്ല. പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ പോലും അനുവദിക്കുന്നില്ല.

സംസ്ഥാനസർക്കാരിനെതിരായ അവിശ്വാസപ്രമേയം കേരളത്തിലെ ജനങ്ങൾ അവതരിപ്പിച്ചുകഴിഞ്ഞു. പ്രതിപക്ഷം മുന്നോട്ടുവച്ച എല്ലാ ആരോപണങ്ങളും ശരിയായിരിക്കുകയാണ്.

എൻ.ഐ.എയുടെ അന്വേഷണം അവരുടേതായ രീതിയിൽ നടക്കട്ടെ. അവർ ആരെയും കുറ്റവിമുക്തരാക്കിയിട്ടില്ല. അന്വേഷണവിവരങ്ങൾ പുറത്ത് പറയുന്നവരാണ് എൻ.ഐ.എയെന്ന് കരുതുന്നില്ല.

സ്പേസ് പാർക്കിലെ ചാരപ്പണി

സ്പേസ് പാർക്ക് പ്രോജക്ടിന്റെ ഭാഗമായി വ്യാജ ഡിഗ്രിയുള്ള യുവതി ഐ.എസ്.ആർ.ഒയിലെയും വി.എസ്.എസ്.സിയിലെയും ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന സുപ്രധാന വ്യക്തികളുമായി അടുത്ത ബന്ധമുണ്ടാക്കിയെന്നത് ഗുരുതര പ്രശ്നമാണെന്നതിനാലാണ് ചാരവൃത്തി നടന്നോയെന്ന് പരിശോധിക്കാനാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. അതേപ്പറ്റി പ്രാഥമികാന്വേഷണം നടക്കുന്നുവെന്നാണ് കിട്ടിയ വിവരമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.