കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ ആശാ പ്രവർത്തക, ഒരു സന്നദ്ധ പ്രവർത്തകൻ കിളിമാനൂർ സ്റ്റേഷനിലെ ഒരു സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരടക്കം മൂന്നു പേർക്ക് പോസിറ്റീവായി. സന്നദ്ധ പ്രവർത്തകനുമായി നേരിട്ട് ഇടപെട്ട ഒരു വാർഡ് അംഗത്തോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. തട്ടത്തുമല ഗവൺമെന്റ് സ്കൂളിൽ വ്യാഴാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് മൂന്നു പേർക്കും പോസിറ്റീവ് സ്ഥിരീകരിച്ചത്. കിളിമാനൂർ പുതിയകാവ് മാർക്കറ്റിനടുത്ത് കഴിഞ്ഞയാഴ്ച നടന്ന മാല മോഷണ കേസിലെ പ്രതിക്ക് പോസിറ്റീവ് ആയതോടെയാണ് ഇദ്ദേഹവുമായി സമ്പർക്കത്തിലായ പൊലീസുകാർക്ക് ടെസ്റ്റ് നടത്തിയത്. സി.ഐ,എസ്.ഐ അടക്കം 13 പേർ തട്ടത്തുമലയിൽ സ്രവ പരിശോധനയിൽ പങ്കെടുത്തിരുന്നു. ബാക്കിയുള്ള പൊലീസുകാർ ചൊവ്വാഴ്ച കേശവപുരം സി.എച്ച്.സിയിൽ നടന്ന പരിശോധനയിൽ സംബന്ധിച്ചിരുന്നു. മാല മോഷണക്കേസിലെ പ്രതിയുമായി അടുത്തിടപഴകിയവരടക്കം 30-ൽ പരം പൊലീസുകാരുടെ ഫലം വരാനുണ്ട്. ഇന്നലെ കേശവപുരത്ത് ആന്റിജൻ പരിശോധന നടത്തിയ 33 പേർക്ക് നെഗറ്റീവാണെന്നും, 25 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റാണ് നടത്തിയതെന്നും ഇതിന്റെ ഫലം മൂന്ന് ദിവസം കഴിഞ്ഞേ ലഭ്യമാകൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.