തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ കൊട്ടിഘോഷിച്ച കൊവിഡ് പ്രതിരോധ പ്രവർത്തനം പൂർണ്ണ പരാജയമാണെന്ന് യു.ഡി.എഫ് വിലയിരുത്തൽ. സർക്കാരിന്റെ ആറ് മാസത്തെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ അവലോകനം ചെയ്ത യു.ഡി.എഫ് ഉന്നതാധികാര സമിതിയോഗം ,ഇതും സ്വർണ്ണക്കടത്ത് അഴിമതിയുമടക്കമുള്ള വിഷയങ്ങളിൽ ശക്തമായ തുടർസമരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
കൊവിഡ് രോഗികൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞ സർക്കാർ, എല്ലാ ഉത്തരവാദിത്വങ്ങളും ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. രോഗം വരാതെ നോക്കേണ്ടതിന്റെയും, വന്നാൽ സ്വന്തം വീട്ടിൽ ചികിത്സിക്കേണ്ടതിന്റെയും ഉത്തരവാദിത്വം ഇപ്പോൾ ജനങ്ങൾക്കാണ്. നിർദ്ദേശങ്ങൾ നൽകുക മാത്രമാണ് സർക്കാരിന്റെ റോൾ. ആകെ നടക്കുന്നത് കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തലാണ്. ഇതൊരു ആരോഗ്യപ്രശ്നമായല്ല, ക്രമസമാധാന പ്രശ്നമായാണ് സർക്കാർ കാണുന്നത്.
കൊവിഡ് രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ തന്നെ ചികിത്സിക്കാം. പക്ഷേ സർക്കാരിന്റെ വീമ്പുപറച്ചിലൊന്നും നടപ്പായില്ല. സ്ഥാപന ക്വാറന്റൈൻ പിന്നീട് ഹോം ക്വാറന്റൈനിലും അവസാനം റൂം ക്വാറന്റൈനിലുമെത്തിയത് പോലെയാണിത്. ആദ്യം ആശുപത്രികളിൽ ചികിത്സയെന്നും, ശേഷം കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലെന്നും പറഞ്ഞു. ഇപ്പോൾ വീട്ടിൽ ചികിത്സയിലെത്തി. സർക്കാരിന്റെ പ്ലാൻ എ, ബി, പ്ലാൻ സി പൊളിഞ്ഞു.. പരിശോധനയിലെ കുറവും പരിശോധനാഫലം വൈകുന്നതിലെ കാലതാമസവുമാണ് കൊവിഡ് വ്യാപനത്തിന് കാരണം. ലോക്ക് ഡൗൺ കാരണം പട്ടിണിയിലായവർക്ക് സർക്കാർ അയ്യായിരം രൂപയെങ്കിലും നൽകണം. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ആവശ്യമായ സൗകര്യമൊരുക്കണം.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വയ്ക്കുക, സി.ബി.ഐ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 3ന് യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും ജില്ലാ ഭാരവാഹികളും വീടുകളിലോ ഓഫീസിലോ സമരമിരിക്കും. 10ന് തദ്ദേശന ജനപ്രതിനിധികൾ സത്യഗ്രഹം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.