kovalam

കോവളം: കൊവിഡിന്റെ വരവിൽ കടലിലെ മത്സ്യബന്ധനം നിശ്ചലമായതോടെ കായൽ മീനുകൾക്ക് പ്രിയമേറുന്നു. ശുദ്ധജല തടാകമായ വെള്ളായണി കായലിലെ നാടൻ മീനിനായി ഇപ്പോൾ തിരക്കേറുകയാണ്. കായൽ മീനുകളുടെ പ്രധാന വില്പനകേന്ദ്രമായ വെള്ളായണി കാക്കമൂല ബണ്ട് റോഡിൽ രാവിലെ മീൻ വാങ്ങാനെത്തുന്നവരുടെ നീണ്ട നിരയുണ്ടാകും. പക്ഷേ ആവശ്യത്തിന് മീൻ കിട്ടുന്നില്ല.കരിമീനുൾപ്പെടെയുള്ള നാടൻ മീനുകൾ ഇവിടെ കിട്ടും. കരിമീൻ കുറഞ്ഞതോടെ സിലോപിയയാണ് ഇഷ്ടതാരം. വിലക്കുറവും, കരിമീനിന്റെ രുചിയുമാണ് സിലോപിയയെ ഹിറ്റാക്കുന്നതെന്ന് കായലിലെ മത്സ്യത്തൊഴിലാളികൾ പറയുന്നു. കരിമീൻ കുറവാണെങ്കിലും സിലോപിയ, ചേറ്, വരാൽ, കട്ട‌്‌ല, രോഹു, മൃഗാൾ, കാരി, വളർത്ത് കൊഞ്ച് തുടങ്ങിയവ കിട്ടുന്നുണ്ട്. മഴയത്ത് കായലിൽ വെള്ളംനിറഞ്ഞപ്പോൾ ധാരാളം മീൻ കിട്ടിയെന്ന് തൊഴിലാളികൾ പറയുന്നു. ലോക്ക്ഡൗണായതോടെ നഗരത്തിൽ നിന്നും ആളുകൾ മീൻവാങ്ങാനെത്തുന്നുണ്ട്.

 മീൻ കിട്ടാക്കനി

കായൽ മീനുകളുടെ കലവറയായിരുന്ന വെള്ളായണി കായലിൽ മത്സ്യസമ്പത്ത് കുറഞ്ഞതോടെ വില്പനയും ഇടിഞ്ഞു. ഇതോടെ മീൻപിടിത്ത തൊഴിലാളികളുടെ ജീവിതവും വഴിമുട്ടി. മാത്രമല്ല കായലിലെ ചില നാടൻ മീനുകൾ വംശനാശ ഭീഷണിയിലുമാണ്. ഉടതല, കുറുവ, ആറ്റുവാള, ചെങ്കാലി, പൂന്തി, നാടൻ കൊഞ്ച് തുടങ്ങിയ നാടൻ ഇനങ്ങൾ കിട്ടാതായി.

വെള്ളായണി കായൽ മത്സ്യത്തൊഴിലാളി വികസന ക്ഷേമസഹകരണ സംഘത്തിന്റെ വിപണന സ്റ്റാളിലെത്തിച്ചാണ് രാവിലെ മുതൽ മീൻ വിറ്റിരുന്നത്. എന്നാൽ ലോക് ഡൗണും മീനിന്റെ ദൗർലഭ്യവും കാരണം സ്റ്റാളടച്ചു. സഹകരണ സംഘത്തിൽ നിരവധി അംഗങ്ങളുണ്ടെങ്കിലും വള്ളത്തിൽ കുരുക്കുവലയും കട്ടവലയും ഉപയോഗിച്ച് മീൻ പിടിക്കാൻ പോകുന്നവർ കുറവാണ്. അമ്പതിനം മത്സ്യങ്ങൾ കായലിലുണ്ടായിരുന്നതായാണ് മീൻപിടിത്തക്കാർ പറയുന്നത്. പഠനത്തിനും ഗവേഷണത്തിനുമായി പലതരം മത്സ്യങ്ങൾക്കായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ളവരും വെള്ളായണിയിലെത്തുന്നുണ്ട്.

മീൻ..........................................വില (കിലോയ്ക്ക്)

കരിമീൻ.....................................450

കട്ട്‌ല...........................................130

രോഹു.......................................140

മൃഗാൾ......................................150

കാരി.........................................100

ചേറ്............................................170

വരാൽ........................................150

വളർത്ത് കൊഞ്ച്..........................500