1

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകളിലെ ആശയക്കുഴപ്പങ്ങൾ ഭാഗികമായി പരിഹരിച്ച് കൊവിഡ് ഭീതിക്ക് താത്കാലിക വിട നൽകി നഗരം ഉണർന്നു. ചെറിയ തുണിക്കടകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഇന്നലെ മുതൽ തുറന്നു. ക്രിട്ടിക്കൽ,കണ്ടെയ്‌മെന്റ് സോണുകളിലൊഴികെ പാഴ്സൽ വിതരണത്തിനായി നഗരത്തിലെ 50 ശതമാനം ഹോട്ടലുകളും പ്രവർത്തിച്ചുതുടങ്ങി. കെ.എസ്.ആർ.ടി.സി പരിമിതമായി സർവീസ് നടത്തി. ഓൺലൈൻ ഡെലിവറിയും ചെറിയ തോതിൽ ആരംഭിച്ചു. സ്വകാര്യ സ്ഥാപനങ്ങളും കൂടുതലായി തുറന്നു. അതേസമയം നഗരത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെട്ടിരിക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ നൽകണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇൗ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് വില്പനയ്ക്കും സ്റ്റോക്ക് ശേഖരണത്തിനും അനുമതി നൽകിയിരിക്കുന്നത്. നഗരത്തിലെ പ്രധാന വിപണ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന തമ്പാനൂർ, ചാല, കരമന, തെെക്കാട്, കവടിയാർ വാ‌ർ‌ഡുകൾ ഉൾപ്പെടെ ഇപ്പോഴും കണ്ടെയ്ൻമെന്റ് സോണുകളിലാണ്. ഇതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും കടകൾ തുറക്കാൻ അനുവദിക്കുന്നില്ലെന്ന് വ്യാപാരികൾക്ക് പരാതിയുണ്ട്. പല സ്ഥലത്തും റോഡിന്റെ ഒരു വശം കടകൾ അടഞ്ഞു കിടക്കുമ്പോൾ മറുവശത്ത് തുറന്നു കിടക്കുന്നുവെന്നും ഇവർ പറയുന്നു. നഗര ഹൃദയത്തിലെ 16 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇൗ പ്രദേശങ്ങളിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം താരതമ്യേന കുറവാണെന്നും ഏതു മാനദണ്ഡത്തിന്റെ പേരിലാണ് പ്രഖ്യാപനമെന്നുമാണ് ഇവർ ചോദിക്കുന്നത്.

സോൺ നിർണയത്തിൽ പിഴവെന്ന് വ്യാപക പരാതി

നഗരത്തിലെ കണ്ടെയ്ൻമെന്റ് സോൺ നിർണയത്തിൽ പിഴവെന്ന് വ്യാപക പരാതി ഉയർന്നു. ഇൗ പ്രദേശങ്ങളിലെ കൗൺസിലർമാരാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലാണ് ഇവ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഉള്ളൂരിലെ നിയന്ത്രണങ്ങളിൽ അതൃപ്തി അറിയിച്ച് ജോൺസൺ ജോസഫ് രംഗത്തുവന്നു. മുട്ടട, തമ്പാനൂർ, പട്ടം വാർഡുകളിലും കൊവിഡ് കേസുകളുടെ എണ്ണം മറ്റു വാർഡുകളെ അപേക്ഷിച്ച് കുറവാണെങ്കിലും ഇവിടെയും പൂട്ടിയിട്ടിരിക്കുന്നതായും ആക്ഷേപമുണ്ട്.

കരമന വാർഡ് കൗൺസിലർ ചോദിക്കുന്നു

കരമന ഡിവിഷൻ 45നെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. കരമന ഡിവിഷനിൽ ജൂലായ് 16ന് ശേഷം ഒരു രോഗിയുമുണ്ടായിട്ടില്ല. തൊട്ടടുത്ത ഡിവിഷനുകളിലെ പോസിറ്റീവ് റിപ്പോർട്ടുകളെല്ലാം കരമനയെന്നാണ് ചേർക്കുന്നത്. വിലാസം പരിശോധിക്കുമ്പോൾ മറ്റു പല ഡിവിഷനുകളാണെന്ന് വ്യക്തമാവും. അത് മനസിലാക്കാതെ കരമന വാർഡിനെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത് വാർഡിൽ ഭീതി പടർത്തുന്നുവെന്നും ഇത് അധികാരികൾ പുനപരിശോധിക്കണമെന്നും കൗൺസിലർ പറഞ്ഞു.