containment

വിതുര: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി തൊളിക്കോട് പഞ്ചായത്തിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൊവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ നിന്ന് പോലും തൊളിക്കോട് പഞ്ചായത്തിലെ വ്യാപാര, ധനകാര്യസ്ഥാപനങ്ങളിലേക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അടിയന്തരമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ് അറിയിച്ചു. ഇതിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയേ തുറക്കാവൂവെന്ന് നിർദ്ദേശം നൽകി. ഹോട്ടലുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ രാത്രി ഏഴ് വരെ തുറന്ന് പ്രവർത്തിക്കാം.

ടൂറിസ്റ്റുകൾക്ക് കർശനനിയന്ത്രണം

നിയന്ത്രണങ്ങളുടെ ഭാഗമായി തൊളിക്കോട് പഞ്ചായത്തിൽ ഇന്ന് മുതൽ ടൂറിസ്റ്റുകളെ കർശനമായി തടയുമെന്ന് പൊലീസ് അറിയിച്ചു. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും പഞ്ചായത്തിലെ വിനോദസഞ്ചാരമേഖലകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീജിത്തും, സബ് ഇൻസ്പെക്ടർ വി.എൽ. സുധീഷും അറിയിച്ചു. മാസ്ക് ധരിക്കാത്തവരെയും, സാമൂഹിക അകലം പാലിക്കാത്തവരേയും, കൊവിഡ് മാനദണ്ഡങ്ങൾ അനുസരിക്കാത്തവരേയും പിടികൂടി പിഴ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.