കോവളം: നെല്ലിമൂട് കർമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് സൗജന്യമായി ടിവി ലഭിക്കുന്നതിനുള്ള ഓൺലൈൻ പഠന സഹായ പദ്ധതി എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെല്ലിമൂട് ദേശാഭിവർദ്ധിനി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കർമ്മ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ബൈജു നെല്ലിമൂട് അദ്ധ്യക്ഷനായിരുന്നു. കാഞ്ഞിരംകുളം, വെങ്ങാനൂർ, കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെ വിവിധ വാർഡുകളിലെയും തിരഞ്ഞെടുത്ത പതിനഞ്ചോളം വിദ്യാർത്ഥികൾക്കാണ് എൽ.ഇ.ഡി ടിവികൾ നൽകുന്നത്. യോഗത്തിൽ ആൾ കേരളാ ബ്ലഡ് ഡോണേഴ്സ് സൊസൈറ്റി ജില്ലാ വൈസ് പ്രസിഡന്റ് വാസുദേവൻ നായർ, ദേശാഭിവർദ്ധിനി ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.രാജു, ഷാജി എം.പ്രഭാകർ, കർമ്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കാഞ്ഞിരംകുളം ഗിരി, ടി ശ്രീകുമാർ എന്നിവർ സംസാരിച്ചു.