വിതുര: പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ വനമേഖലകളിൽ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് മലയോരത്തെ നദികൾ നിറഞ്ഞൊഴുകുകയാണ്. ഗ്രാമപ്രദേശത്തെ അപേക്ഷിച്ച് വനാന്തരങ്ങ
ളിൽ മഴ തിമിർത്തുപെയ്യുന്നുണ്ട്. മലവെള്ളപ്പാച്ചിലിനെ തുടർന്ന് വാമനപുരം നദി നിറഞ്ഞൊഴുകുന്നതിനാൽ നദീ തീരങ്ങൾ വ്യാപകമായി ഇടിഞ്ഞു. ഏക്കർ കണക്കിന് കൃഷി ഭൂമി വെള്ളപ്പാച്ചിലിനെ തുടർന്ന് ഒലിച്ചുപോയി. വാഴ, പച്ചക്കറി, മരച്ചീനി കൃഷികൾ വ്യാപകമായി നശിച്ചു. എസ്റ്റേറ്റുകളിലും വിളകളിലുമായി നൂറുകണക്കിന് റബർ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. മരച്ചില്ലകൾ വീണും മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകൾക്ക് കേടുപാടുണ്ടായതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി വിതരണം നിലച്ചു. ഫയർഫോഴ്സും ഇലക്ട്രിസിറ്റി ജീവനക്കാരും ചേർന്ന് മരങ്ങൾ വെട്ടി മാറ്റിയാണ് വിതരണം പുനഃസ്ഥാപിച്ചത്. വാമനപുരം നദിയിലെ പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങൾ മണിക്കൂറുകളോളം വെള്ളത്തിനടിയിലായതോടെ വിതുര, പൊന്നാംചുണ്ട്, തെന്നൂർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. പൊൻമുടി - കല്ലാർ റൂട്ടിൽ നാലിടങ്ങളിൽ നേരിയ തോതിൽ മണ്ണിടിച്ചിലുമുണ്ടായി. ഫയർഫോഴ്സ്, പൊലീസ്, ഫോറസ്റ്റ് അധികൃതരെത്തി വിശദ പരിശോധന നടത്തി.
താഴ്ന്ന പ്രദേശങ്ങൾ മുങ്ങി
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിൽ മുങ്ങി. വയലുകൾ നികത്തി നിർമ്മിച്ച വീടുകളിലേക്കും മറ്റും വെള്ളം ഇരച്ചുകയറുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. കൃഷിക്കാർക്കും കനത്ത നാശമുണ്ടായി. കൃഷി നാശം സംഭവിച്ചവർ സഹായത്തിനായി കൃഷി ഭവനിലും പഞ്ചായത്തിലും നിവേദനം നൽകി.
തുറന്നത് 2 ഷട്ടറുകൾ
വനമേഖലയിലെ ശക്തമായ മഴയെ തുടർന്ന് പേപ്പാറ ഡാം നിറഞ്ഞതിനാൽ രണ്ട് ഷട്ടറുകൾ പത്ത് സെന്റീമീറ്റർ വീതം ഇന്നലെ രാവിലെ ഉയർത്തി. മഴ ഇനിയും ശക്തിപ്പെട്ടാൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും. പേപ്പാറയിൽ വൈദ്യുതി ഉത്പാദനം തകൃതിയായി നടക്കുന്നുണ്ട്.