fish-farming

തിരുവനന്തപുരം:ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പൊതുജലാശയങ്ങളിൽ മത്സ്യവിത്തുകൾ നിക്ഷേപിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.

'സുഭിക്ഷ കേരള'ത്തിന്റെ ഭാഗമായി വിവിധയിനത്തിൽപ്പെട്ട 4.2 കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് ജലസംഭരണികളിലും പുഴകളിലുമായി നിക്ഷേപിക്കുന്നത്. മത്സ്യസമ്പത്തിന്റെ സംരക്ഷണവും ലക്ഷക്കണക്കിന് കർഷകരുടെ തൊഴിൽസുരക്ഷയും പദ്ധതിയിലൂടെ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജലസംഭരണികളിൽ ഒരു കോടി 30 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയും നാട്ടിലെ പൊതു ജലാശയങ്ങളിൽ രണ്ടുകോടി 70 ലക്ഷം മത്സ്യങ്ങളെയും വളർത്തുകയാണ് ലക്ഷ്യം.

47 റിസർവോയറുകളിൽ മുപ്പത്തിമൂന്നിലും, 44 നദികളിൽ നാൽപതിലും മത്സ്യം വളർത്തും.പുതിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെ തായ്ലന്റിൽനിന്ന് കൊണ്ടുവരും. വനമേഖലയിലെ സംഭരണികളിൽ തനത് ഇനങ്ങളെയാണ് വളർത്തുന്നത്.

കൊവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ മേഖലകളെ സംയോജിപ്പിച്ച് 3860 കോടി രൂപയുടെ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്നുണ്ട്. മത്സ്യമേഖലയിൽ 2078 കോടി രൂപയാണ് വിനിയോഗിക്കുന്നത്.