തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹായത്തോടെ ജയിൽ വകുപ്പ് ആരംഭിക്കുന്ന പെട്രോൾ പമ്പുകളുടെ ഉദ്ഘാടനം മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. ഇരിങ്ങാലക്കുട സ്‌പെഷ്യൽ സബ്‌ജയിലിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കുന്നതിനായി നിർമ്മിച്ച പുതിയ സ്‌പെഷ്യൽ സബ് ജയിലും മുഖ്യമന്ത്റി ഉദ്ഘാടനം ചെയ്തു. 200പേരെ പാർപ്പിക്കുന്നതിനുള്ള സൗകര്യമാണ് പുതിയ ജയിലിലുള്ളത്. ചീമേനി തുറന്ന ജയിലിൽ 2കോടി രൂപ വകയിരുത്തി നിർമാണം പൂർത്തിയാക്കിയ പുതിയ ഭരണ വിഭാഗത്തിന്റെ ഉദ്ഘാടനവും തൃക്കരിപ്പൂരിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിക്കുന്ന ഡിസ്‌പെൻസറിയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്റി നിർവഹിച്ചു.
തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും ചീമേനി തുറന്ന ജയിലിലുമാണ് പെട്രോൾ പമ്പുകൾ ആരംഭിക്കുന്നത്. നിർമാണം പൂർത്തീകരിച്ച തിരുവനന്തപുരം, വിയ്യൂർ, ചീമേനി ജയിലുകളിലെ ഔട്ട്‌ലെറ്റുകളാണ് ഇന്നലെ തുറന്നത്. ജയിൽ വകുപ്പിന്റെ സ്ഥലത്ത് നാല് പെട്രോൾ പമ്പുകൾ സ്ഥാപിക്കുന്നതിനായി 9.5കോടിയോളം രൂപയാണ് ഇന്ത്യൻഓയിൽ കോർപ്പറേഷൻ മുതൽമുടക്കുന്നത്. 30ലക്ഷം രൂപയാണ് ജയിൽ വകുപ്പിന്റെ വിഹിതം. 30 വർഷത്തേക്കാണ് ഭൂമി ഇന്ത്യൻ ഓയിൽകോർപ്പറേഷന് പാട്ടത്തിന് നൽകിയത്.പ്രതിമാസം 5.9 ലക്ഷം രൂപ വാടക ഇനത്തിൽ സർക്കാരിന് ലഭിക്കും. പതിനഞ്ചോളം അന്തേവാസികൾക്ക് ഓരോ പമ്പിലും തൊഴിൽ നൽകാനാവും. പമ്പുകളിൽ പബ്ലിക് കംഫർട്ട് സ്റ്റേഷനുകളുമുണ്ടാകും. ചടങ്ങിൽ മന്ത്റിമാരായ വി.എസ് സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും പങ്കെടുത്തു. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് സ്വാഗതം പറഞ്ഞു.