വെള്ളറട: പൂഴനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ പൂഴനാട്ട് ഒരു കുടുംബത്തിലെ എട്ടുപേർക്ക് സമ്പർക്കംമൂലം കൊവിഡ് സ്ഥിരീകരിച്ചു. വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ആന്റിജൻ പരിശോധനയിൽ വെള്ളറടയിലെ ഒരു കുടുംബത്തിലെ രണ്ടുകുട്ടികൾക്കും നേരത്തേ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വീട്ടിലെ ഗൃഹനാഥനും പൊലീസുകാർക്കായി നടത്തിയ പരിശോധനയിൽ നെയ്യാറ്റിൻകര ട്രാഫിക് സ്റ്റേഷനിലെ പാറശാല പരശുവയ്ക്കൽ സ്വദേശിയായ പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു
കുന്നത്തുകാൽ പഞ്ചായത്തിൽ കാരക്കോണത്ത് നടത്തിയ പരിശോധനയിൽ ആശാവർക്കർ ഉൾപ്പെടെ ഏഴുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശാവർക്കർക്കും മകനും പൊലീസുകാർക്ക് നടത്തിയ പരിശോധനയിൽ സിറ്റിയിൽ ജോലി നോക്കുന്ന നിലമാമൂട് സ്വദേശിയായ പൊലീസുകാരനും ഭാര്യയ്ക്കും കൊല്ലം കൊവിഡ് സെന്ററിൽ ഭക്ഷണത്തിന്റെ ചുമതല വഹിച്ചിരുന്ന നിലമാമൂട് സ്വദേശിയായ മറ്റൊരു പൊലീസുകാരനും കൊവിഡ് പോസിറ്റീവാണ്. മാണിനാട് വാർഡിൽ രണ്ടുപേർക്കു രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപകമായ വെള്ളറടയിലെ ചൂണ്ടിക്കലിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീടുകൾ അണുവിമുക്തമാക്കി. ഒരു മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് ഇതിനകം 12 പേർക്കാണ് വെള്ളറടയിൽ കൊവിഡ് സ്ഥിരീകരിച്ചത്.