bala

 അപകടസ്ഥലത്ത് സരിത്തിന്റെ സാന്നിദ്ധ്യമെന്ന സംശയം പിടിവള്ളി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ ദുരൂഹ കാറപകട കേസിൽ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതോടെ, നയതന്ത്ര ചാനൽ സ്വർണക്കടത്ത് മാഫിയയിലേക്കും അന്വേഷണം നീളും. ബാലുവിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ, വിവാദ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തിനെ സംഭവ സ്ഥലത്തു കണ്ടെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിരുന്നു.

കസ്റ്റംസ് സൂപ്രണ്ടിന്റെ ഒത്താശയിൽ 2019 മേയിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വർണം കടത്തിയ കേസിൽ ബാലുവിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്‌ണു സോമസുന്ദരവും വയലിനിസ്​റ്റ് അബ്ദുൾ ജമീലും പ്രതികളാണ്. ഇവരിലൂടെ സി.ബി.ഐ‌ക്ക് നയതന്ത്ര ചാനൽവഴിയുള്ള സ്വർണക്കടത്തു സംഘത്തിൽ എത്താനാവും. അപകടസ്ഥലത്ത് സരിത്തിന്റെ സാന്നിദ്ധ്യം തെളിഞ്ഞാൽ, അപകടത്തിനു പിന്നിൽ സ്വർണക്കടത്ത് മാഫിയയുടെ ആസൂത്രണ സാദ്ധ്യത ബലപ്പെടുകയും ചെയ്യും.

അപകടത്തിന് സ്വർണക്കടത്തുകാരുമായി ബന്ധമുണ്ടെന്നും, ബാലുവിന്റെ മരണശേഷം ദുരൂഹമായ സാമ്പത്തിക ഇടപാടുകളുണ്ടായിട്ടുണ്ടെന്നും സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ക്രൈം വിഭാഗം സ്പെഷ്യൽ സൂപ്രണ്ട് നന്ദകുമാർ നായർ എഫ്.ഐ.ആറിനൊപ്പം സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

വിവാദ സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ സംശയിക്കുന്ന അഴിമതിയടക്കമുള്ള വിവരങ്ങൾ അന്വേഷിക്കണമെങ്കിൽ സി.ബി.ഐക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. അല്ലെങ്കിൽ കോടതി ഉത്തരവിടണം. എന്നാൽ, ബാലഭാസ്കറിന്റെ അപകടമരണ കേസ് ഏറ്റെടുത്തതോടെ അവർക്ക് സരിത്തിലൂടെ ഈ കേസിലേക്ക് എത്തിച്ചേരാം.

സി.ബി.ഐ ഏറ്റടുക്കൽ

അപകടക്കേസ് സി.ബി.ഐ അന്വേഷിക്കാൻ കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയത്. ഏഴുമാസം തീരുമാനമുണ്ടായില്ല. സ്വർണക്കടത്ത് കേസ് സജീവമായതിനു പിന്നാലെ, കഴിഞ്ഞ ഒമ്പതിന് അപകടമരണവും അതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന ദുരൂഹതകളും ആരോപണങ്ങളും അന്വേഷിക്കാൻ കേന്ദ്രം ഉത്തരവിറക്കുകയായിരുന്നു. ഡിവൈ.എസ്.പി ടി.പി.അനന്തകൃഷ്‌ണന്റെ പ്രത്യേക സംഘവും രൂപീകരിച്ചു.

സ്വർണക്കടത്ത് ബന്ധം

 കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ ഒത്താശയോടെ 230 കോടിയുടെ 680 കിലോ സ്വർണം കടത്തിയെന്നാണ് ഡി.ആർ.ഐ കണ്ടെത്തിയത്. പിടിച്ചത് 25 കിലോ മാത്രം

 കസ്​റ്റംസ് സൂപ്രണ്ടിനെ പ്രകാശൻ തമ്പി പരിചയപ്പെട്ടത് ബാലുവിന്റെ പേര് ഉപയോഗിച്ചാണ്. ഇയാളും വിഷ്ണുവും ചേർന്ന് ദുബായിൽ നിന്ന് 210 കിലോ സ്വർണം കടത്തി

 കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ അമ്മാവന്റെ മകനാണ് പ്രകാശൻ. ബാലുവിന്റെ വിദേശ പരിപാടികളടക്കം നിയന്ത്രിച്ചിരുന്നത് പ്രകാശനാണ്

 ഭക്ഷ്യസംസ്കരണ ഉപകരണങ്ങളുണ്ടാക്കുന്ന വിഷ്‌ണുവിന്റെ കമ്പനിയിൽ ബാലുവിന് 25 ലക്ഷം നിക്ഷേപം. ഡ്രൈവർ അർജുനെ കൊണ്ടുവന്നത് ഇയാൾ

 ബാലുവിന്റെ സൗണ്ട് റെക്കാഡിസ്​റ്റ് അബ്ദുൾ ജബ്ബാർ 17കാരിയർമാരിൽ ഒരാൾ. ട്രൂപ്പിന്റെ വിദേശ പര്യടനങ്ങൾക്കിടെയും സ്വർണം കടത്തിയെന്ന് സംശയം

ബാലു അറിയാതെ ഫ്ളാറ്റ് വാടകയ്ക്കു കൊടുത്തത് ചോദ്യം ചെയ്തതിന്റെ പേരിൽ വിഷ്ണുവിന് വിരോധം ഉണ്ടായിരുന്നെന്ന് അമ്മാവൻ ബി.ശശികുമാറിന്റെ വെളിപ്പെടുത്തൽ

സി.ബി.ഐയുടെ ദൗത്യം

1. 2018 സെപ്തംബർ 25ന് പള്ളിപ്പുറത്തുണ്ടായ അപകടത്തിന്റെ ചുരുളഴിക്കുക

2. സ്വർണക്കടത്തുകാർക്ക് അപകടത്തിൽ ബന്ധമുണ്ടോയെന്ന് കണ്ടെത്തുക

3. അപകടസ്ഥലത്ത് സരിത്തിനെ കണ്ടതായ വെളിപ്പെടുത്തലിലെ സത്യം അറിയുക

4. ബാലഭാസ്കർ ജീവിച്ചിരിക്കെ സംഘം സ്വ‌ർണം കടത്തിയോ എന്ന് അന്വേഷിക്കുക

5. ബാലുവിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹത നീക്കുക

ബാലു അറിഞ്ഞുകൊണ്ട് സ്വർണക്കടത്ത് നടത്തില്ല. അറിയാതെ നടന്നിട്ടുണ്ടാകാം. വിവരമറിഞ്ഞ് അവരുമായി സഹകരിക്കാതിരുന്നെങ്കിൽ അപായപ്പെടുത്തിയതുമാവാം. സി.ബി.ഐ സത്യം കണ്ടെത്തട്ടെ.

സി.കെ. ഉണ്ണി

ബാലുവിന്റെ പിതാവ്