തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്റെ ഒഴിവിലേക്കുള്ള രാജ്യസഭാ സീറ്റിന് ഇടതുമുന്നണിയിൽ അവകാശവാദമുന്നയിച്ച് അദ്ദേഹത്തിന്റെ മകൻ എം.വി. ശ്രേയാംസ്‌കുമാർ സംസ്ഥാന അദ്ധ്യക്ഷനായുള്ള ലോക്‌താന്ത്രിക് ജനതാദൾ രംഗത്ത്. പാർട്ടി പരിഗണിക്കുന്നത് ശ്രേയാംസിനെയാണെന്നാണ് സൂചന. ഈ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആഗസ്റ്റ് 24നാണ്.
ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന നേതാക്കളായ ശ്രേയാംസ്‌കുമാറും ഷേക് പി. ഹാരിസും കെ.പി. മോഹനനും മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ഇക്കാര്യത്തിൽ ചർച്ച നടത്തി. വീരേന്ദ്രകുമാറിന്റെ ഒഴിവിലേക്കുള്ള സീറ്റ് അദ്ദേഹത്തിന്റെ പിൻഗാമികളെന്ന നിലയ്ക്ക് എൽ.ജെ.ഡിക്ക് അനുവദിക്കണമെന്നായിരുന്നു ആവശ്യം.
വിജ്ഞാപനം വരട്ടെ, അപ്പോൾ മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നാണ് കോടിയേരിയിൽ നിന്ന് ലഭിച്ച ഉറപ്പ്. എന്നാൽ മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കിടെ, അന്ന് വീരേന്ദ്രകുമാറിന് പ്രത്യേകമായി അനുവദിച്ച സീറ്റായിരുന്നില്ലേ എന്ന് അങ്ങോട്ട് ചോദിച്ചതായും അറിയുന്നു. ബാക്കി കാര്യങ്ങൾ നമുക്കാലോചിക്കണമല്ലോയെന്നും പറഞ്ഞു. പ്രതീക്ഷയിൽ തന്നെയാണ് എൽ.ജെ.ഡി നേതൃത്വം. ശ്രേയാംസിനെയാണ് പരിഗണിക്കുന്നതെന്ന ധ്വനിയും ചർച്ചയ്ക്കിടെ നേതാക്കൾ നൽകി.
യു.ഡി.എഫിൽ നിന്ന് അനുവദിച്ചുകിട്ടിയ സീറ്റിലാണ് 2016ൽ വീരേന്ദ്രകുമാർ രാജ്യസഭാ എം.പിയായത്. അന്ന് ജനതാദൾ-യു സംസ്ഥാന അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. ജെ.ഡി.യു പിന്നീട് നിതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എയിൽ പോകാൻ തീരുമാനിച്ചപ്പോൾ ശരദ് യാദവും വീരേന്ദ്രകുമാറുമടക്കമുള്ളവർ ഇടഞ്ഞു. കേരളത്തിൽ യു.ഡി.എഫുമായും അകന്ന വീരേന്ദ്രകുമാറും കൂട്ടരും യു.ഡി.എഫ് വിട്ടു. കൂട്ടത്തിൽ രാജ്യസഭാ എം.പി സ്ഥാനവുമൊഴിഞ്ഞു.
ഇടതുമുന്നണിയിൽ ചേർന്നപ്പോൾ അന്ന് ത്യജിച്ച രാജ്യസഭാ സീറ്റ് അദ്ദേഹത്തിന് തന്നെ നൽകിയാണ് വീരേന്ദ്രകുമാറിനെ സ്വീകരിച്ചത്. അപ്പോൾ എൽ.ജെ.ഡി രൂപീകരിച്ചിരുന്നില്ല. വീരേന്ദ്രകുമാർ അതിനാൽ ഇടത് സ്വതന്ത്ര എം.പിയായി. സാങ്കേതികമായി അതിനാൽ അദ്ദേഹത്തിന് എൽ.ജെ.ഡിയുടെ ഭാഗമാകാൻ പിന്നീടായില്ല.
എൽ.ജെ.ഡി അവകാശവാദമുന്നയിച്ചാലും സി.പി.ഐ അടക്കമുള്ള കക്ഷികൾ എതിർക്കാനിടയില്ല. സി.പി.എമ്മിന്റെ തീരുമാനം തന്നെയാകും നിർണായകം. ഇടതു മുന്നണിയോഗം ആഗസ്റ്റ് ആദ്യവാരം ചേർന്നാകും അന്തിമതീരുമാനമെടുക്കുക.
ഇടതുമുന്നണിക്ക് ലഭിക്കുന്ന സീറ്റായതിനാൽ യു.ഡി.എഫ് മത്സരിച്ചിട്ടും കാര്യമില്ല. എങ്കിലും രാഷ്ട്രീയ മത്സരത്തിന് അവർ തയാറാകുമോയെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ യു.ഡി.എഫ് യോഗം ഇതുസംബന്ധിച്ച ചർച്ചകളിലേക്ക് കടന്നില്ല.