തിരുവനന്തപുരം: കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടമില്ലാത്തതും,അപ്രായോഗികവുമായ പദ്ധതികൾ വെട്ടിച്ചുരുക്കാൻ വിവിധ വകുപ്പ് തലവന്മാർക്ക് ധനകാര്യ സെക്രട്ടറി അയച്ച സർക്കുലറിൽ നിർദ്ദേശിച്ചു.
അടുത്ത സംസ്ഥാന ബഡ്ജറ്റ് പൂർണമായും ചെലവു ചുരുക്കലിന്റെ അടിസ്ഥാനത്തിലായിരിക്കും. ഈ സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് യാഥാർത്ഥ്യബോധത്തോടെയും കഴിഞ്ഞ നാലു മാസത്തെ ചെലവുകളുടെ അടിസ്ഥാനത്തിലുമായിരിക്കണം. പുതുക്കിയ എസ്റ്റിമേറ്റ് ബഡ്ജറ്റ് എസ്റ്റിമേറ്റിലും അധികമാകരുത്.
പദ്ധതികൾ ഒഴിവാക്കുമ്പോൾ അധികം വരുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കി, തുടർന്നുള്ള ഒഴിവുകളിൽ അവരെ നിയമിക്കണം. യാത്രാച്ചെലവ് , ടെലഫോൺ ചെലവ് എന്നിവ ശരാശരി കണക്കിന് പകരം യഥാർത്ഥ ചെലവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കണം. കഴിയുന്നത്ര അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കണം. ഇപ്പോൾ നടപ്പിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളേ ഏറ്റെടുക്കാവൂ. ഭൂമി ഏറ്റെടുക്കൽ ചെലവ് പദ്ധതിച്ചെലവിന്റെ ഭാഗമാക്കണം.