കൊച്ചി: അമ്പത്തിരണ്ട് ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷവും മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകൾക്കുമേൽ ഇരുട്ടടിയാവുകയാണ് കൊവിഡ് നിയന്ത്രണങ്ങൾ. ഇന്ന് അർദ്ധരാത്രി ട്രോളിംഗ് നിരോധനം അവസാനിക്കുമെങ്കിലും ഹാർബറുകൾ ഒന്നും തുറക്കാത്ത സാഹചര്യത്തിൽ മത്സ്യബന്ധനം എങ്ങനെ സാദ്ധ്യമാകുമെന്നാണ് ഇവർ ചോദിക്കുന്നത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയും പുതിയവലകൾ നെയ്തും വറുതിയുടെ ദുരിതദിനങ്ങൾ അവസാനിക്കുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മത്സ്യത്തൊഴിലാളികൾ.
കേരളത്തിലുള്ള 13 ഫിഷിംഗ് ഹാർബറുകൾ കൊവിഡ് ഭീതി മൂലം അടഞ്ഞുകിടക്കുകയാണ്. തോപ്പുംപടിയും മുനമ്പവുമാണ് കൊച്ചിയിലെ പ്രധാനപ്പെട്ട ഫിഷിംഗ് ഹാർബറുകൾ. ഹാർബറുകൾ തുറന്നു പ്രവർത്തിക്കാത്തതിനാൽ നിരവധി അനുബന്ധ തൊഴിലാളികളും ദുരിതത്തിലാണ്.

കേരളത്തിൽ 3800 ട്രോളിംഗ് ബോട്ടുകളാണുള്ളത്. ഇതിൽ പണിയെടുക്കുന്ന 90 ശതമാനം തൊഴിലാളികളും കുളച്ചൽ സ്വദേശികളാണ്. അവിടെയുള്ള ഭൂരിഭാഗം തൊഴിലാളികളും കണ്ടെയ്ൻമെന്റ് സോണുകളിലും. ഇവർ സംസ്ഥാന അതിർത്തി കടന്നുവരുന്നതും എളുപ്പമല്ല. അതുകൊണ്ടുതന്നെ മിക്ക ബോട്ടുകളിലും പണിയെടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.

ചില ബോട്ടുടകൾ നേരത്തെതന്നെ തൊഴിലാളികളെക്കൊണ്ട് വന്ന് ക്വാറന്റൈനിൽ ആക്കിയിരുന്നു. ഇവർക്കും സർക്കാർ പ്രോട്ടോക്കോൾ പ്രകാരമേ കടലിൽ പോകാൻ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവുവന്നാലും ഭാഗികമായേ മത്സ്യബന്ധനം നടക്കുകയുള്ളൂ.

അവസാന പ്രതീക്ഷയും മങ്ങി

മത്സ്യബന്ധന നിരോധനവും കൊവിഡ് നിയന്ത്രണങ്ങളും രൂക്ഷമായ കടൽകയറ്റവും മൂലം ദുരിതത്തിലായ തീരദേശവാസികൾക്ക് ട്രോളിംഗ് നിരോധനത്തിന് ശേഷമുള്ള മത്സ്യസമ്പത്താണ് ഏക പ്രതീക്ഷ. എന്നാൽ അതിനും കടിഞ്ഞാൺ വീണതോടെ ആത്മഹത്യയുടെ വക്കിലാണ് തീരദേശവാസികൾ. എല്ലാ മേഖലയിലും തൊഴിൽസാദ്ധ്യത അടഞ്ഞത്തോടെ മറ്റു തൊഴിൽ ചെയ്തിരുന്ന നിരവധി പേരാണ് മത്സ്യബന്ധനത്തിലേക്ക് തിരിഞ്ഞത്. എന്നാൽ അവർക്കും ഇനിയെന്തെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

സർക്കാർ നിർദേശങ്ങൾ

ആഗസ്റ്റ് അഞ്ചുവരെ മത്സ്യബന്ധനം പാടില്ല.

കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർക്കും മത്സ്യബന്ധനം നടത്താം

പിടിക്കുന്ന മത്സ്യങ്ങൾ സോണുകൾക്ക് പുറത്തു വിൽക്കരുത്

ലേലകേന്ദ്രങ്ങൾ പ്രവർത്തിക്കരുത്

മൊത്തമായി വിറ്റഴിക്കാം

മിച്ചം വരുന്നവ സൊസൈറ്റികൾ വഴി വിൽക്കണം

എന്തു ചെയ്യുമെന്ന് അറിയില്ല

" വരുമാനമാർഗം അടഞ്ഞതോടെയാണ് പാചകപ്പണി നിറുത്തി മത്സ്യബന്ധനത്തിലേക്ക് തിരിഞ്ഞത്. അതിനുവേണ്ട നടപടികളും പൂർത്തിയായി. പക്ഷേ, ബോട്ടുകൾ എന്നു പോയിത്തുടങ്ങുമെന്ന് അറിയാത്തതിനാൽ എന്തു ചെയ്യണമെന്ന് അറിയില്ല."

രാഘവൻ

മത്സ്യത്തൊഴിലാളി

സഹായിക്കണം

"ഈ വർഷം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോയി പണിയെടുക്കാൻ സാധിച്ചിട്ടില്ല. മത്സ്യബന്ധന നിരോധനത്തിലും കൊവിഡ് നിയന്ത്രണത്തിലും സർക്കാരിൽ നിന്ന് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. ഇനിയെങ്കിലും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം."

ചാൾസ് ജോർജ്

സംസ്ഥാന പ്രസിഡന്റ്

കേരള മത്സ്യത്തൊഴിലാളി ഐക്യവേദി