നെടുമങ്ങാട്: തമിഴ്നാട്ടിൽ നിന്നും അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലോഡുമായി നിത്യേന നിരവധി തൊഴിലാളികളെത്തുന്ന നെടുമങ്ങാട് മാർക്കറ്റ് സമൂഹവ്യാപനത്തിന് ഇടയാക്കിയോയെന്ന് പരിശോധിക്കും. മാർക്കറ്റിലെ മുട്ട വ്യാപാരിക്ക് കൊവിഡ് ബാധിച്ചത് തമിഴ്നാട്ടിൽ നിന്നുമെത്തിയവരിൽ നിന്നാണെന്നു ആരോഗ്യ പ്രവർത്തകർക്ക് സംശയമുണ്ട്. സമ്പർക്കപ്പട്ടിക തയ്യാറാക്കി വരുന്നതായും അത് പൂർത്തിയായാൽ ഊർജിതമായ സ്രവപരിശോധന ആരംഭിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ലോക്ക് ഡൗൺ കാലത്തുൾപ്പെടെ നിയന്ത്രണം ശക്തമായ സമയത്തും എല്ലാ ദിവസവും തമിഴ്നാട്ടിൽ നിന്ന് സാധനങ്ങളുമായി നിരവധി ലോറികൾ ഇവിടെയെത്തിയിരുന്നു. തെങ്കാശിയിൽ നിന്ന് പച്ചക്കറികളും ദിണ്ടിഗലിൽ നിന്ന് മുട്ടയും മറ്റു അവശ്യ സാധനങ്ങളും ദിവസേനയെത്തുന്നുണ്ട്. കൂടുതലായെത്തുന്നത് പച്ചക്കറി ലോറികളാണ്. മാർക്കറ്റിലെ ചില മൊത്തവിൽപ്പന കേന്ദ്രങ്ങളിലേക്കാണ് ലോറികൾ വരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളടക്കം നിരവധി പേർ ഈ കേന്ദ്രത്തിൽ വന്നുമടങ്ങിയിട്ടുണ്ട്. പച്ചക്കറി കടകളുടെ സമീപം മുട്ട വ്യാപാരം നടത്തിയിരുന്ന ആളിനാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിൽ ഇന്ന് മുതൽ പത്തു ദിവസത്തേക്ക് നെടുമങ്ങാട് മാർക്കറ്റ് അടച്ചിടാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.