containment

ബാലരാമപുരം: പഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ കണ്ടെയ്ൻമെന്റ് സോണുകൾ ഏഴായി. ഇടമനക്കുഴി,​ ടൗൺ,​ തലയൽ,​ പനയറക്കുന്ന് എന്നിവക്കു പുറമേ മണലി,ചാമവിള വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്. ദേശീയപാതയിൽ നിന്നു പരുത്തിമഠം ലെയിനിലേക്കുള്ള വഴി പൊലീസ് കഴിഞ്ഞ ദിവസം അടച്ചു. ബാലരാമപുരത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ആയി. ഉറവിടമറിയാത്ത കേസുകൾ സി.എച്ച്.സി ക്ക് ആശങ്കയുയർത്തുന്നുണ്ട്. വിവാഹസത്കാരത്തിൽ പങ്കെടുത്തവരുടെ ആന്റിജൻ പരിശോധനയും ആരംഭിച്ചു. 20 പേരെ ടെസ്റ്റിന് വിധേയമാക്കിയതിൽ രണ്ടു പേരുടെ ഫലം പോസിറ്റീവാണെന്ന് സി.എച്ച്.സി അറിയിച്ചു. ഇന്നലെ ബാലരാമപുരത്ത് നടന്ന പരിശോധനയിൽ നാല് പേരുടെ ഫലം പോസിറ്റീവായി. ചാമവിള -2,​ ഇടമനക്കുഴി -1,​ റസ്സൽപ്പുരം -1 എന്നീ വാർഡുകളിലാണ് കൊവിഡ് പോസിറ്റീവായത്. പനിയോ രോഗലക്ഷണങ്ങളോ ഉള്ളവർ അടിയന്തര ചികിത്സ തേടണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

വിവാഹസത്കാരത്തിൽ പങ്കെടുത്തില്ലെന്ന് എം.എൽ.എ: പ്രതിഷേധവുമായി ബി.ജെ.പി

പ്രാദേശിക സി.പി.എം നേതാവിന്റെ വിവാഹം നടന്ന നെടുമങ്ങാട് ടൗൺ ഹാളിലോ, ബാലരാമപുരത്തെ കൽപ്പടിയിൽ ഹാളിൽ നടന്ന വിവാഹസത്കാരത്തിലോ പങ്കെടുത്തിട്ടില്ലെന്ന് എം.വിൻസെന്റ് എം.എൽ.എ ഫേസ്ബുക്ക് വഴി അറിയിച്ചു. താൻ നേരിട്ട് വിവാഹസത്കാരത്തിൽ പങ്കെടുത്തുവെന്ന വാർത്ത തെറ്റായ പ്രചാരണമാണെന്നും രാഷ്ട്രീയ പ്രതിരോധം തീർക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും എം.എൽ.എ പ്രതികരിച്ചു. എന്നാൽ ആരോഗ്യവകുപ്പും പഞ്ചായത്തും വിവാഹസത്കാര ചടങ്ങിൽ അലംഭാവം കാണിച്ചെന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നും ബി.ജെ.പി ബാലരാമപുരം നോർത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വീഡിയോയിലൂടെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി. വിവാഹത്തിൽ പങ്കെടുത്ത പാർട്ടി നേതാക്കൾ ഹോം ക്വാറന്റൈനിൽ പോകാത്തത് ഗുരുതര വീഴ്ചയാണെന്നും ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.