pasupan

കൊച്ചി: തമിഴ്നാട്ടിലെ കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സയൽഗുഡി സ്വദേശി വിജയന്റെ മകൻ പശുമ്പൻ ലിംഗത്തെ (36) എറണാകുളം നോർത്ത് പൊലീസ് അറസ്‌റ്റുചെയ്‌തു. 2014ൽ തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ സയൽഗുഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിവറേജസ് ഷോപ്പിനുമുന്നിൽ വച്ചുണ്ടായ തർക്കത്തിൽ തിരുപ്പതിയെ (48) കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

ജാമ്യത്തിലിറങ്ങി എറണാകുളത്ത് എത്തിയ ഇയാൾ കലൂരിലും കടവന്ത്രയിലും വൈറ്റിലയിലുമായി കൂലിപ്പണിയെടുത്തു. കടത്തിണ്ണകളിലായിരുന്നു ഉറക്കം. പ്രതി ഒളിവിൽ പോയതിനെത്തുടർന്ന് വിചാരണ തടസപ്പെട്ടതിനാൽ രാമനാഥപുരം എസ്.പിയുടെ കീഴിലുള്ള പ്രത്യേകസംഘം അന്വേഷണം തുടങ്ങി. ഇയാളുടെ ഫോട്ടോയോ മൊബൈൽനമ്പറോ ഇല്ലാതിരുന്നതിനാൽ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ഒടുവിൽ പൊലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി വിവരം അറിഞ്ഞ നോർത്ത് പൊലീസ് കലൂരിലും പരിസരങ്ങളിലും നടത്തിയ അന്വേഷണത്തിനിടയിൽ പൊറ്റക്കുഴിയിൽ നിന്നാണ് പിടികൂട‌ിയത്. നോർത്ത് സി.ഐ സിബി ടോം, എസ്.ഐ അനസ്, എ.എസ്.ഐ വിനോദ് കൃഷ്ണ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്‌റ്റുചെയ്‌തത്. തമിഴ്നാട് പൊലീസിന് കൈമാറി.