ജീവിത സാഹചര്യത്തോടു പോരാടി നേടിയ വിജയം
കഴക്കൂട്ടം: കഠിനമായ ജീവിത സാഹചര്യങ്ങളോട് മല്ലടിച്ച് പള്ളിപ്പുറം മോഡൽ പബ്ലിക് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ വീണ നേടിയത് പത്തരമാറ്റ് വിജയം. ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 500 ഇൽ 486 മാർക്കാണ് വീണ നേടിയത്. മംഗലപുരം മുരുക്കുംപുഴ, മുളമൂട് തോപ്പിൽ പുത്തൻ വീട്ടിൽ ചൂരൽ പണിക്കാരനായ സതീശന്റെയും ബീനയുടെയും മകളായ വീണ പരിമിതമായ ജീവിത സാഹചര്യങ്ങളോട് പോരാടിയാണ് ഈ വിജയം നേടിയത്. സിവിൽ സർവീസ് സ്വപ്നങ്ങളുമായി ജീവിക്കുന്ന വീണയ്ക്ക് തുടർ പഠനത്തിനു ഇതുവരെ വഴിതെളിഞ്ഞിട്ടില്ല. മോഡൽ പബ്ലിക് സ്‌കൂളിൽ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തിയ സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസിൽ തുടർ പ്രവർത്തനമായ 'കളക്ട്രേറ്റ് വിസിറ്റ്' ആണ് തന്റെ ജീവിതാഭിലാഷത്തെ മാറ്റിമറിച്ചതെന്ന് വീണ അടിയുറച്ചു വിശ്വസിക്കുന്നു. പത്താം ക്ലാസിൽ ഉന്നതവിജയം കൈവരിച്ചപ്പോൾ സയൻസ് ഐശ്ചിക വിഷയമായി എടുക്കാൻ പലഭാഗത്തു നിന്നും പ്രേരണയുണ്ടായിരുന്നു, എന്നാൽ തന്റെ ലക്ഷ്യത്തലേക്കുള്ള ആദ്യ ചുവടുവയ്പായി വീണ തിരഞ്ഞെടുത്തത് ഹ്യുമാനിറ്റീസ് ആയിരുന്നു.