കൊച്ചി: ഇന്ത്യൻ തെക്ക്-പടിഞ്ഞാറൻ സമുദ്രമേഖലയിൽ നിലവിൽവരുന്ന പുതിയ കപ്പൽപാത പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുമെന്ന് കേരള സംസ്ഥാന ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതൽ വൈവിദ്ധ്യമുള്ള മത്സ്യസമ്പത്ത് ലഭിക്കുന്ന കൊല്ലം പരപ്പിലൂടെ കപ്പൽപാത കടന്നുപോകുന്നത് മത്സ്യബന്ധനം തടസപ്പെടുത്തും. തദ്ദേശീയരെ ഒഴിവാക്കി വിദേശ മീൻപിടിത്ത കപ്പലുകൾക്ക് അവസരം ഒരുക്കുവാനുള്ള നീക്കത്തിനെതിരെ ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തുമെന്ന് ചെയർമാൻ ടി.എൻ പ്രതാപൻ എം.പിയും ജനറൽ കൺവീനർ പി.പി. ചിത്തരഞ്ജനും പറഞ്ഞു.

ആഗസ്റ്റ് ഒന്നിന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഓഫീസിന് മുന്നിൽ ഒരു സംഘടനയിൽ നിന്ന് ഒരാൾ എന്ന നിലയിൽ നേതാക്കൾ മാത്രമായി ധർണ നടത്തും. മത്സ്യത്തൊഴിലാളികൾക്ക് ധനസഹായ പാക്കേജ്, കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ടി.എൻ. പ്രതാപൻ എം.പി, ഓസ്റ്റിൻ ഗോമസ്, പി.പി. ചിത്തരഞ്ജൻ, കൂട്ടായി ബഷീർ, ടി.ജെ. ആഞ്ചലോസ്, ആർ. പ്രസാദ്, ടി. പീറ്റർ, ജാക്സൺ പൊള്ളയിൽ, ഉമ്മർ ഒട്ടുമ്മൽ, ചാൾസ് ജോർജ്, ഉദയഘോഷ്, എം.എൻ ശിവദാസ് എന്നിവർ പങ്കെടുത്തു.