കൊല്ലം: മടത്തറയ്ക്ക് സമീപം നടപ്പാലത്തിലൂടെ സ്കൂട്ടറിൽ പോകവെ ഒഴുക്കുള്ള തോട്ടിൽ വീണ വൃദ്ധനെ കാണാതായി. കൊല്ലായിൽ ചല്ലിമുക്കിന് സമീപം എ.കെ.എസ് ദീൻഹൗസിൽ അബ്ദുൾ ഖാദറിനെയാണ് (70) കാണാതായത്. ഇന്നലെ രാവിലെ എട്ടോടെ ഇലവുപാലത്തിലായിരുന്നു അപകടം.കുടുംബവക വസ്തുവിൽ പോകാൻ സ്കൂട്ടറുമായി ഇടുങ്ങി നടപ്പാലത്തിലൂടെ യാത്രചെയ്യുന്നതിനിടെ കൈവരി തകർന്ന് അബ്ദുൾഖാദർ കുത്തൊഴുക്കുള്ള തോട്ടിൽ വീഴുകയായിരുന്നു. ശബ്ദം കേട്ട് ആളുകൾ ഓടിയെത്തുമ്പോൾ കൈവരിയിൽ കുടുങ്ങിയ സ്കൂട്ടർ മാത്രമാണ് കാണാനായത്. തോട്ടിൽ നിന്ന് തിരിച്ചറിയൽ കാർഡ് കണ്ടെത്തി.
പാലോട് ഇരുമ്പ് പാലം വഴി വാമനപുരം നദിയിൽ ചേരുന്ന തോട്ടിൽ ശക്തമായ ഒഴുക്കുണ്ട്. സ്കൂബാ ടീമുൾപ്പെടെ ഫയർഫോഴ്സ് ഇന്നലെ വൈകുന്നേരം അഞ്ചുവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഭാര്യ ജമീലാ ബീവിയുടെ മരണശേഷം ഇളയമകൻ നൗഷാദിനൊപ്പമായിരുന്നു താമസം.