kovalam

കോവളം: കോവളം ബീച്ചിലും വെള്ളാറിലെ സമുദ്രാബീച്ചിലും ശക്തമായ കടൽക്ഷോഭത്തിൽ കരയിലേക്ക് വെള്ളം കയറി. ഇന്നലെ വൈകിട്ടാണ് കടൽ ക്ഷേഭത്തെ തുടർന്ന് തിര ശക്തമായി കരയിലേക്ക് അടിച്ചുകയറിയത്. സമുദ്രാബീച്ചിലെ വിശ്രമ സങ്കേതത്തിന് സമീപം വരെ കടൽവെള്ളം കയറി. കോവളം ബീച്ചിൽ വിദേശികൾ സൺബാത്ത് നടത്തിയിരുന്ന മണൽപ്പരപ്പുവരെ തിരയടി ഉണ്ടായി. തുടർന്ന് ഇവിടെ നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ലൈറ്റ്ഹൗസ് ബീച്ചിലും സീറോക്ക് ബീച്ചിലെയും നടപ്പാതയ്ക്ക് സമീപം വരെ തിര ആഞ്ഞടിച്ചു. കടൽക്ഷേഭം രൂക്ഷമായതിനെ തുടർന്ന് വിഴിഞ്ഞത്തെയും കേവളത്തയും തീരങ്ങളിൽ ഒതുക്കിയിട്ടിരുന്ന മത്സ്യബന്ധന യാനങ്ങൾ തൊഴിലാളികളെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പുളിങ്കുടി, അടിമലത്തുറ, ആഴിമല, ചൊവ്വര എന്നിവടങ്ങളിലും കടൽക്ഷോഭം ഉണ്ടായി. കൊവിഡിനെ തുടർന്ന് സഞ്ചാരികൾക്ക് തീരത്ത് വിലക്കുള്ളതിനാൽ അപകട സാദ്ധ്യതയില്ലാത്തത് ലൈഫ് ഗാർഡുകൾക്ക് എളുപ്പമായി.