തിരുവനന്തപുരം:മത്സ്യബന്ധന പ്രവർത്തനങ്ങൾ, കോവിഡ് നിയന്ത്രണങ്ങളും സർക്കാർ മാർഗനിർദേശങ്ങളും പാലിച്ച് ആഗസ്റ്റ് അഞ്ച് മുതൽ പുനരാരാംഭിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അറിയിച്ചു.
എല്ലാ യാനങ്ങൾക്കും രജിസ്‌ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തിൽ ഒറ്റ, ഇരട്ട അക്കം പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യ ബന്ധനം നടത്താം. കണ്ടെയ്ൻമെന്റ് സോണുകളിലും അനുമതിയുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകളിൽ പിടിക്കുന്ന മത്സ്യം അതത് സ്ഥലങ്ങളിൽ വിൽപ്പന നടത്തണം. അധികമുള്ളവ മത്സ്യ സഹകരണ സംഘങ്ങൾ വഴി ലോറികളിൽ മാർക്കറ്റുകളിൽ എത്തിക്കാം. യാനങ്ങൾ പുറപ്പെടുന്ന സ്ഥലത്ത് തന്നെ നിർബന്ധമായും തിരിച്ചെത്തണം.
മത്സ്യലേലം പാടില്ല. ഹാർബറുകളിൽ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളും ലാന്റിംഗ് സെന്ററുകളിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടങ്ങുന്ന ജനകീയ കമ്മിറ്റികൾ മത്സ്യത്തിന്റെ വില നിശ്ചയിക്കും. നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.