cbi

തിരുവനന്തപുരം: തൃശൂർ പാവറട്ടിയിൽ എക്സൈസിന്റെ കസ്റ്റഡിയിൽ രഞ്ജിത്ത് കുമാർ (40) മർദ്ദനമേറ്റ് മരിച്ച കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തുകൊണ്ട് ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകി. തിരുവനന്തപുരം യൂണിറ്റിലെ സ്പെഷ്യൽ ക്രൈംബ്രാഞ്ച് വിഭാഗത്തിനാണ് അന്വേഷണച്ചുമതല. പാവറട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 7എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ്‌ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയത്.

അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർ പ്രതിസ്ഥാനത്ത് വരുന്ന കേസുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് ഹരിയാനയിലെ കസ്​റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പാവറട്ടിയിൽ രണ്ടു കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട തിരൂർ കൈമലച്ചേരി സ്വദേശി രഞ്ജിത്ത് കുമാർ(40) തൃശൂർ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റി നാർകോട്ടിക് സ്‌ക്വാഡിന്റ കസ്​റ്റഡിയിലിരിക്കെയാണ് മരിച്ചത്. ഗുരുവായൂരിൽ നിന്ന് അറസ്​റ്റ് ചെയ്ത് തൃശൂരിലേക്കു കൊണ്ടുപോകുമ്പോൾ വഴിമദ്ധ്യേയായിരുന്നു മരണം. അപസ്‌മാര ലക്ഷണങ്ങളെത്തുടർന്ന് പ്രതി അബോധാവസ്ഥയിലായെന്നും പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുവെന്നുമായിരുന്നു എക്‌സൈസ് വിശദീകരണം. എന്നാൽ മർദനമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.

എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, എംജി. അനൂപ് കുമാർ, ഉമ്മർ, എക്‌സൈസ് ഓഫീസർ നിധിൻ എം. മാധവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി. എം. സ്മിബിൻ, എം. ഒ. ബെന്നി, മഹേഷ് എന്നിവരാണ് പ്രതികൾ.

സി.ബി.ഐ അന്വേഷിച്ച ഫോർട്ട് ഉരുട്ടിക്കൊലക്കേസിൽ രണ്ട് പൊലീസുകാർക്ക് വധശിക്ഷയും മൂന്ന് പൊലീസുകാർക്ക് മൂന്നുവർഷം വീതം തടവും ശിക്ഷ കിട്ടിയിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അട്ടിമറിച്ച കേസാണ് സി.ബി.ഐ അന്വേഷിച്ചത്.