തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്ല ആശയമാണെങ്കിലും , വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ പങ്കാളികൾക്ക് അമിത പ്രാധാന്യം ലഭിക്കുമെന്ന ആക്ഷേപം ഉയരുന്നു.
ഹയർ സെക്കൻഡറി തലം എടുത്തുകളയുന്നതിനോടാണ് കൂടുതൽ എതിർപ്പ്. മൂന്ന് വർഷ പ്രൈമറി വിദ്യാഭ്യാസം നടപ്പാക്കുന്ന കാര്യത്തിലും ചർച്ചകൾ വേണം. അതേ സമയം,മാതൃഭാഷയ്ക്ക് കിട്ടുന്ന പ്രാധാന്യത്തെ വിദ്യാഭ്യാസ വിദഗ്ദ്ധരും സംഘടനകളും അനുകൂലിക്കുന്നു.
അഞ്ചാം ക്ലാസ് വരെ മാതൃഭാഷാ പഠനം നിർബന്ധമാക്കിയത് സ്വാഗതാർഹമാണെന്ന് ഐക്യമലയാള പ്രസ്ഥാനം കൺവീനർ ആർ. നന്ദകുമാർ പറഞ്ഞു. സ്വാകാര്യ, പൊതുവിദ്യാഭ്യാസ മേഖലകൾക്ക് ഒരേ നിയമം വരുന്നത് സ്വകാര്യ മേഖലയെ വളർത്താനാണോയെന്ന ആശങ്കയുണ്ട്. വിദ്യാഭ്യാസത്തെ വിൽപ്പനച്ചരക്കാക്കുന്ന കാര്യങ്ങൾ പുതിയ നയത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു..പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം തകർക്കുകയും വംശീയത വളർത്തുകയും ചെയ്യുന്നതാണെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ചൂണ്ടിക്കാട്ടി. ആറാം ക്ലാസ് മുതൽ തൊഴിൽ പഠനം നിർബന്ധമാക്കുന്നത് കോർപ്പറേറ്റ് അജൻഡയുടെ ഭാഗമാണ്. ഇതിലൂടെ വിദ്യാർത്ഥികൾ കേവല തൊഴിലാർത്ഥികളായി പരിമിതപ്പെടും.
വർഗീയവൽക്കരണം:
കെ.എസ്.ടി.എ
വിദ്യാഭ്യാസം പൂർണമായും വാണിജ്യവൽക്കരിക്കുന്നതും, വർഗീയവൽക്കരിക്കുന്നതുമാണ് പുതിയ നയമെന്ന് കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ ആരോപിച്ചു 10, 11, 12 ക്ലാസുകളിലേക്ക് ഈക്വലൻസി സർട്ടിഫിക്കറ്റ് നൽകുന്നതോടെ ഔപചാരിക വിദ്യാഭ്യാസം പൂർണമായും നിർത്തലാക്കുമെന്ന സൂചനയാണ് ദേശീയ നയത്തിലുള്ളത്.
ഭരണഘടന ഉറപ്പ് നൽകുന്ന സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസ അവകാശത്തെ ഹനിക്കുന്നതാണ് നയമെന്ന് എഫ്.എസ്.ഇ.ടി.ഒ ആരോപിച്ചു..കേന്ദ്രം സംസ്ഥാനങ്ങളുമായി ആലോചിക്കാതെയും വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അഭിപ്രായം തേടാതെയും ഏകപക്ഷീയമായി രൂപം നൽകിയ നയം സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണ്.