തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ച് 24 മണിക്കൂറിനകം അപേക്ഷിച്ചത് ഒന്നര ലക്ഷം വിദ്യാർത്ഥികൾ. കൊവിഡ് പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ സർക്കാർ കുടുതൽ ലളിതമാക്കിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തുണയായി. ഒന്നര ലക്ഷം അപേക്ഷകരിൽ 97,544 പേരും വീടുകളിലിരുന്നാണ് അപേക്ഷിച്ചത്. എസ്.എസ്.എൽ.സി വിജയിച്ച 94,815 പേർ, സി.ബി.എസ്.ഇ ബോർഡിൽ നിന്ന് 7,993, ഐ.സി.എസ്.ഇ വിഭാഗത്തിൽ നിന്ന് 1115, മറ്റുബോർഡുകളിൽനിന്ന് 1431 പേർ വീതമാണ് അപേക്ഷ സമർപ്പിച്ചത്.
പ്ലസ് വൺ അഡ്മിഷൻ: സർട്ടിഫിക്കറ്റ്
അപ്ലോഡ് ചെയ്യുന്നതിൽ കൺഫ്യൂഷൻ വേണ്ട
പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ സർട്ടിഫിക്കറ്റ് നമ്പർ ചോദിക്കുന്നിടത്ത് രജിസ്റ്റർ നമ്പർ/ റോൾ നമ്പർ നൽകുക. സർട്ടിഫിക്കറ്റ് നൽകിയ തീയതിയായി ഫലപ്രഖ്യാപന തീയതിയും സർട്ടിഫിക്കറ്റ് നൽകിയ അധികാരിയായി പരീക്ഷാബോർഡിന്റെ പേരും നൽകിയാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ടൈബ്രേക്കിംഗിന് പരിഗണിക്കുന്ന പാഠ്യേതരപ്രവർത്തനങ്ങളുടെ മികവ്/ പങ്കാളിത്ത സർട്ടിഫിക്കറ്റുകളിൽ സർട്ടിഫിക്കറ്റ് നമ്പർ ഇല്ലെങ്കിൽ പകരമായി ഏത് തരം സർട്ടിഫിക്കറ്റെന്ന് ലഘുവിവരണം നൽകാം.
ഇന്റർനെറ്റ്, വൈദ്യുതി തകരാർ മൂലം അപേക്ഷാ സമർപ്പണം പൂർത്തിയാക്കാൻ പറ്റാത്തവർ APPLYONLINE-SWS എന്ന ലിങ്കിലൂടെ ആദ്യത്തേതുപോലെ തന്നെ അപേക്ഷാ സമർപ്പണം പുനരാരംഭിക്കണം.