തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് സ്വകാര്യ റോക്കറ്റും ഉപഗ്രഹവും വിക്ഷേപിക്കാൻ ഇനി ഐ.എസ്.ആർ.ഒയുടെ അനുമതി വേണ്ട. പുതുതായി രൂപീകരിച്ച ഇന്ത്യൻ നാഷണൽ സ്പെയ്സ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ ( ഇൻസ്പെയ്സ്) അനുമതിയോടെയാണ് ഇനി അതെല്ലാം നടത്തേണ്ടത്. ഇൻസ്പെയ്സിന്റെ അധികാരാവകാശങ്ങളും ഉത്തരവാദിത്വങ്ങളും നിർണ്ണയിച്ച് ഇന്നലെ ഇറക്കിയ മാർഗരേഖയിലാണ് ഇക്കാര്യം. ഐ.എസ്. ആർ.ഒ.യുടെ അംഗീകാരത്തോടെയാണ് ഇത് തയ്യാറാക്കിയത്.
ഐ.എസ്. ആർ.ഒ.യുടെ വിക്ഷേപണ, പരിശോധനാസൗകര്യങ്ങൾ വിനിയോഗിക്കാനും സ്വകാര്യ റോക്കറ്റ്, ഉപഗ്രഹ നിർമ്മാതാക്കൾക്ക് അവസരമുണ്ടാകും.
നിലവിൽ രാജ്യത്തെ എല്ലാ ബഹിരാകാശപദ്ധതികൾക്കും വിദേശ രാജ്യങ്ങളുമായുള്ള കരാറുകൾക്കും ഐ.എസ്.ആർ.ഒ.യുടെ അനുമതി വേണമായിരുന്നു.ഇനി രാജ്യത്തെ എല്ലാ ബഹിരാകാശ പ്രവർത്തനങ്ങൾക്കും നിക്ഷേപങ്ങൾക്കും ഗവേഷണങ്ങൾക്കും ഏകജാലകമായി ഇൻ സ്പെയ്സ് പ്രവർത്തിക്കും.
ഇൻസ്പെയ്സിന് ചെയർമാൻ, ബഹിരാകാശ സാങ്കേതിക വിദഗ്ദ്ധൻ, സുരക്ഷാഉപദേഷ്ടാവ്, വിദ്യാഭ്യാസ, വ്യവസായ പ്രതിനിധികൾ, നിയമവിദഗ്ദ്ധൻ, നയതന്ത്രവിദഗ്ദ്ധൻ, വിദേശകാര്യം, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലെ പ്രതിനിധികൾ എന്നിവരുൾപ്പെടെ പത്ത് അംഗങ്ങളുണ്ടാകും.
റോക്കറ്റ്, ഉപഗ്രഹ നിർമ്മാണം, ബഹിരാകാശ സേവനങ്ങൾ, ഐ.എസ്.ആർ.ഒ സൗകര്യങ്ങൾ സംരംഭകർക്ക് നൽകുക, ബഹിരാകാശ ഗവേഷണ, നിർമ്മാണ,വിക്ഷേപണങ്ങൾക്ക് മറ്റ് സൗകര്യങ്ങൾ ഉണ്ടാക്കുക, വിക്ഷേപണങ്ങൾ നിയന്ത്രിക്കുക, ഡാറ്റാ ഉപയോഗത്തിന് മാർഗനിർദ്ദേശങ്ങളുണ്ടാക്കുക,ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും കൈമാറുന്നതിനും വേദിയൊരുക്കുക,തുടങ്ങിയ തീരുമാനങ്ങൾ എടുക്കുന്നത് ഇൻസ്പെയ്സ ആയിരിക്കുമെന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നു.