mullappally-

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐക്ക് കൈമാറാൻ താല്പര്യം കാണിച്ച മുഖ്യമന്ത്രി, എന്തുകൊണ്ട് സ്വർണ്ണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.

ബാലഭാസ്‌കറിന്റെ മരണത്തിലും സ്വർണ്ണക്കടത്ത് സംഘത്തിന്റെ ബന്ധം ആരോപിക്കപ്പെടുന്നുണ്ട്.അന്താരാഷ്ട്ര മാനങ്ങളുള്ളതും സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയതുമായ സ്വർണ്ണക്കടത്ത് കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യം മുഖവിലയ്‌ക്കെടുക്കാൻ മുഖ്യമന്ത്രി തയ്യാറല്ല. ഒളിച്ചു വയ്ക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെന്തിനാണ് മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത്. കേസ് സത്യസന്ധമായി അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയിൽ മാത്രം ഒതുങ്ങില്ല. മുഖ്യമന്ത്രിയുടെ ഉപജാപക വൃന്ദത്തിലേക്കും അതിലപ്പുറത്തേക്കും എത്തിച്ചേരാനുള്ള സാദ്ധ്യത തള്ളാനാവില്ല.ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമായുള്ള അന്വേഷണം കൊണ്ട് പ്രയോജനമില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയം കളിക്കരുത്. രാഷ്ട്രീയ നേട്ടം മുൻനിറുത്തി സി.പി.എമ്മും ബി.ജെ.പിയും കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ലാവ്‌ലിൻ കേസ് പതിനെട്ട് തവണയായി തുടർച്ചയായി മാറ്റിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ചേർത്ത് വായിക്കുമ്പോൾ രാഷ്ട്രീയ ഒളിച്ചുകളി വ്യക്തമാണ്- മുല്ലപ്പള്ളി പറഞ്ഞു.