tvpm-covid

തിരുവനന്തപുരം:വ്യാപനത്തിന്റെയും അതിജീവനത്തിന്റെയും പ്രതിസന്ധിയുടെയും പാതിവർഷമാണ് കടന്നുപോയത്.
ആദ്യഘട്ടത്തിൽ തലസ്ഥാനത്തെ ബാധിക്കാതിരുന്ന കൊവിഡ് മഹാമാരി മാർച്ചോടെ തിരുവനന്തപുരത്ത് ആദ്യമായി വരവറിയിച്ചു. കേരളം കൊവിഡിനെ പകർച്ചവ്യാധി പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ മാർച്ച് 12ന് തലസ്ഥാത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തു.തുടർന്ന് രോഗവ്യാപനഭീതി കണക്കിലെടുത്ത് മാർച്ച് 23ന് മുഖ്യമന്ത്രി കേരളം സമ്പൂർണമായി അടച്ച് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ കേന്ദ്രത്തിന്റെ പ്രഖ്യാപനവുമെത്തുന്നു. ഏപ്രിൽ 15ന് ഏഴു ജില്ലകൾക്കൊപ്പം തിരുവനന്തപുരത്തെയും റെഡ് സോണിൽ ഉൾപ്പെടുത്തുന്നു. വ്യാപനം അധികരിച്ചതോടെ ഏപ്രിൽ 30ഓടെ കേരളത്തിൽ പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും ഉൾപ്പെടെ മാസ്ക് ധരിക്കേണ്ടത് നിയമം മൂലം നിർബന്ധമാക്കി. മേയ് നാലിന് തലസ്ഥാനം താത്കാലികമായി കൊവിഡ് മുക്തമാവുന്നു. ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് സംസ്ഥനത്തേക്ക് വരാൻ അനുമതിയും നൽകി. ഇതിന് പിന്നാലെ മേയ് അവസാനത്തോടെ തലസ്ഥാനത്തുൾപ്പെടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു തുടങ്ങി. ആദ്യഘട്ടത്തിൽ മികച്ച പ്രതിരോധമൊരുക്കിയ സർക്കാരിന് മൂന്നാം ഘട്ടമായപ്പോഴേക്കും സമ്പർക്ക വ്യാപനത്തിന് മുന്നിൽ പകച്ചു പോകേണ്ടിവന്നു. ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരുന്നു. അതിലേറിയ പങ്കും തലസ്ഥാനത്തായിരുന്നു. ജൂലായ് 17ന് രാജ്യത്ത് തന്നെ ആദ്യമായി സാമൂഹവ്യാപനം സ്ഥിരീകരിക്കുന്ന ജില്ലയായി തലസ്ഥാനം മാറി. പൂന്തുറയിലും പുല്ലുവിളയിലും സാമൂഹവ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും രോഗം പടർന്നതോടെ പ്രതിരോധത്തിൽ ഉലച്ചിലുണ്ടായി. എങ്കിലും പ്രതീക്ഷ കെെവിടാതെ തളരാത്ത ഒരു ജനത മഹാമാരിക്കെതിരെ ഇപ്പോഴും പോരടിക്കുന്നു.

ലാർജ് ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗ വ്യാപനം

ചിറയിൻകീഴ്,കുളത്തൂർ,നെയ്യാറ്റിൻകര, പനവൂർ, കടയ്ക്കാവൂർ, കുന്നത്തുകാൽ, പെരുമാതുറ, പൂന്തുറ, പുല്ലുവിള, പുതുക്കുറുച്ചി, ബീമാപള്ളി, അഞ്ചുതെങ്ങ് തുടങ്ങിയ പ്രദേശങ്ങളാണ് ലാർജ് ക്ലസ്റ്റർ വിഭാഗത്തിൽപ്പെടുന്നത്. ഈ പ്രദേശങ്ങളിൽ രോഗവ്യാപനം കുറയുന്നില്ല. ചിലയിടങ്ങളിൽ നിന്ന് പുറത്തേക്കും രോഗം വ്യാപിക്കുന്ന സാഹചര്യമാണുള്ളത്. ജില്ലയിലെ രോഗികളിൽ 80ശതമാനത്തിലധികവും സമ്പർക്കത്തിലൂടെയാണ്.

ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരേപോലെ കൊവിഡ് പടർന്നു. ഔദ്യോഗികമായി 12പേർ തലസ്ഥാനത്ത് മരിച്ചെന്ന് പറയുമ്പോഴും കണക്കുകൾ ഇതിലും കൂടാനാണ് സാദ്ധ്യത. നഗരസഭാ പരിധിയിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായ 18 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായ 16 വാർഡുകളും അടച്ചിട്ടിരിക്കുകയാണ്. ജില്ലയിലാകെ 40 ഹോട്ട്സ്‌പോട്ടുകളുമുണ്ട്.


ഉപജീവനം നഷ്ടപ്പെട്ട് ആയിരങ്ങൾ

കൊവിഡ് വ്യാപനം പിടിവിട്ടതോടെ തൊഴിലുകൾ ഉപേക്ഷിച്ച് മറ്റ് പലതിലേക്കും തിരിയേണ്ടിവന്നവർ നിരവധിയാണ്. നിർമ്മാണ മേഖലയും ആട്ടോ, ടാക്സി മേഖലകളും സ്തംഭിച്ചതോടെ ചെറുകിട കച്ചവടങ്ങളുമായി പലരും തെരുവോരത്തിൽ അഭയം പ്രാപിച്ചു. തൊഴിൽ നഷ്ടപ്പെട്ട വിഷമത്തിലും കൊവിഡ് ബാധിക്കുമെന്ന ഭീതിയിലും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പത്തോളം പേർ ജീവൻ വെടിഞ്ഞതും നൊമ്പരമായി.

സർവയലൻസ് മെക്കാനിസം

സർവയലൻസ് മെക്കാനിസമാണ് തലസ്ഥാനത്ത് നടത്തുന്നത്. ലോകാരോഗ്യ സംഘടന വിവക്ഷിച്ചിരിക്കുന്ന മാർഗരേഖയ്ക്ക് അനുസൃതമായാണ് രോഗനിയന്ത്രണ പ്രവർത്തനങ്ങൾ. ജില്ലയിൽ ആദ്യമായി ക്ലസ്റ്റർ രൂപപ്പെട്ടത് ഈ മാസം 5ന് പൂന്തുറയിലാണ്. ബീമാപള്ളി,പുല്ലുവിള മേഖലകളിൽ 15-ാം തീയതിയോടെയും രൂപപ്പെട്ടു. പിന്നീട് വലിയതുറ,അഞ്ചുതെങ്ങ്, ചിറയിൻകീഴ്,കുളത്തൂർ, നെയ്യാറ്റിൻകര, പനവൂർ, കടയ്ക്കാവൂർ, കുന്നത്തുകാൽ, പെരുമാതുറ പുതുക്കുറുച്ചി തുടങ്ങിയ തീരദേശ മേഖലകളിലും ക്ലസ്റ്ററുകളുണ്ടായി.