തിരുവനന്തപുരം : കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള കഴിഞ്ഞ ആറ് മാസത്തെ പ്രതിരോധത്തിന്റെ നാൾവഴികൾ പരിശാധിച്ചാൽ ,അതിൽ സർക്കാരിന്റെ പങ്കിന് ഉത്തരം കിട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.രോഗ പ്രതിരോധത്തിൽ സർക്കാർ പങ്കിനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സർക്കാർ അതിന്റെ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് അപരിചിതമായ സാഹചര്യത്തെ മുറിച്ചു കടക്കാൻ ശ്രമിക്കുന്നത്. ജനുവരി 30നാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചതെങ്കിലും നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അതിലേറെ പഴക്കമുണ്ട്. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോളില്ലാതിരുന്ന ഘട്ടത്തിലും പ്രോട്ടോക്കോളും പ്രവർത്തന രൂപരേഖയും നിർദേശങ്ങളും തയ്യാറാക്കി. ജനുവരി 30, ഫെബ്രുവരി 2, 4 തീയതികളിലായി ആദ്യ ഘട്ടത്തിൽ 3 കേസുകളാണുണ്ടായത്. ആ കേസുകളിൽ ആദ്യ ഘട്ടം ഒതുങ്ങി . രോഗം ആദ്യം സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളിൽ പടർന്നുപിടിക്കുമ്പോഴായിരുന്നു ഇത്. മാർച്ച് 8ന് വിദേശത്ത്
നിന്നെത്തിയവരിൽ നിന്ന് രോഗമുണ്ടായതോടെ കേരളത്തിൽ രണ്ടാം ഘട്ടം ആരംഭിച്ചു. രണ്ടാം ഘട്ടം പിന്നിടുമ്പോൾ 496 പേർക്കാണ് ആകെ രോഗം ബാധിച്ചത്.മൂന്നാംഘട്ടത്തിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന പ്രതീക്ഷിച്ചതാണ്. എന്നാൽ രോഗവ്യാപനത്തോത് പ്രവചിക്കപ്പെട്ട രീതിയിൽ കൂടാതെയാണ്, ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ചുനിൽക്കുന്നത്. ആറു മാസത്തിനിടയിൽ സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തന ഫലമാണിത്. കൊവിഡ് പ്രതിരോധത്തിന് ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടർമാരെയാണ് നിയമിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.