തിരുവനന്തപുരം: ശക്തിയായി മഴപെയ്യാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവരും 2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ പ്രദേശങ്ങളിലുള്ളവരും വേണ്ട മുൻകരുതൽ നടത്തണം.
മുൻകരുതൽ
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ മാറി താമസിക്കാനുള്ള തയ്യാറെടുപ്പ് നടത്തുക.
നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാതിരിക്കുക, ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി സെൽഫിയെടുക്കാതിരിക്കുക, കൂട്ടം കൂടാതിരിക്കുക, മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കുക
.ശക്തമായ കടലാക്രമണ സാദ്ധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
തിരമാല
ഇന്ന് രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് മൂന്ന് മീറ്രറിന് മുകളിൽ ഉയരത്തിൽ തിരമാലയുണ്ടാകുമെന്നതിനാൽ ജാഗ്രത വേണം.
മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം.