തിരുവനന്തപുരം: വീഡിയോ കോൺഫറസിംഗ് വഴിയുള്ള ആദ്യ കൗൺസിൽ യോഗത്തിലും ഉയർന്നത് കണ്ടെയ്മെന്റ് സോൺ പ്രഖ്യാപനത്തെ ചൊല്ലിയുള്ള തർക്കം. കാരണമില്ലാതെ വാർഡുകൾ അടച്ചിട്ടിരിക്കുന്നതിനെരെ കൗൺസിലിൽ പങ്കെടുത്ത പ്രതിപക്ഷ കൗൺസിലർമാർ ഒന്നടങ്കം രംഗത്തെത്തി. ജോൺസൺ ജോസഫ്, നാരായണമംഗലം രാജേന്ദ്രൻ, കെ. മുരളീധരൻ എന്നിവർ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സോൺ നിശ്ചയിക്കുന്നത് ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യവകുപ്പും ചേർന്നാണെന്നും ഇതിലെ അപാകത സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മേയർ കെ. ശ്രീകുമാർ മറുപടി നൽകി. കൊവിഡ് സ്ഥിരീകരിക്കുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കാൻ മണിക്കൂറുകളോളം കാലതാമസം നേരിടുന്നതായി എം.ആർ. ഗോപനും നാരായണ മംഗലം രാജേന്ദ്രനും ആരോപിച്ചു. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്കു മുമ്പിൽ പതിക്കുന്ന സ്റ്റിക്കർ ഉള്ളൂർ കൗൺസിലർ ജോൺസൺ ജോസഫിന്റെ വീടിനു മുന്നിൽ അകാരണമായി പതിച്ച ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ അന്വേഷണത്തിനു കൗൺസിൽ തീരുമാനിച്ചു. അന്വേഷണം നടത്തി റിപ്പോർട്ടു നൽകാൻ സെക്രട്ടറിയെ കൗൺസിൽ യോഗം ചുമതലപ്പെടുത്തി. പൊതു സ്ഥലത്ത് ഇറച്ചിമാലിന്യം തള്ളിയതിനു പിടികൂടിയ വാഹനം വിട്ടു നൽകാൻ സി.പി.എം ഏരിയാ സെക്രട്ടറി ഇടപെട്ടുവെന്ന ബി.ജെ.പി കൗൺസിലറുടെ ആരോപണത്തെ ചൊല്ലി വാക്‌പോര് രൂക്ഷമായി. കരിമഠം കോളനി സ്വദേശിയും സി.പി.എം പ്രവർത്തകനുമാണ് അനധികൃതമായി ശേഖരിച്ച ഇറച്ചി മാലിന്യം ചാല വാർഡിൽ തള്ളിയത്. ശുചീകരണ തൊഴിലാളികളുടെ സ്‌ക്വാഡ് ഇതു കണ്ടെത്തി വാഹനം പിടിച്ചെടുത്തു. ഈ വാഹനം വിട്ടു നൽകാനാണ് സി.പി.എം ഏരിയാ സെക്രട്ടറി ഇടപെട്ടതെന്ന് ചാല കൗൺസിലർ എസ്.കെ.പി രമേശ് ആരോപിച്ചു. മരാമത്തു സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. പുഷ്പലതയും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഐ.പി. ബിനുവും ആരോപണം തള്ളി. വ്യക്തമായ തെളിവില്ലാതെ ആക്ഷേപം ഉന്നയിക്കരുതെന്ന താക്കീതോടെ ആരോപണം രേഖകളിൽ നിന്നു നീക്കാൻ മേയർ നിർദ്ദേശിച്ചു.
ഓൺലൈൻ പോർട്ടൽ
വീടുകളിൽ നിന്നുള്ള ഉത്പനങ്ങൾക്ക് വിപണി കണ്ടെത്താൻ ഓൺലൈൻ പോർട്ടലുമായി കോർപറേഷൻ. ഗുണമേൻമയുള്ള ഉത്പനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോർട്ടൽ ആരംഭിക്കുന്നതെന്ന് മേയർ പറഞ്ഞു. പോർട്ടൽ ഉടൻ പ്രവർത്തന സജ്ജമാകും.