തിരുവനന്തപുരം: ഐക്യജനാധിപത്യ മുന്നണിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ഉമ്മൻചാണ്ടി ലോഞ്ച് ചെയ്തു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ നടന്ന യു.ഡി.എഫ് യോഗത്തിലാണ് 'facebook.com/UDFKeralamofficial' എന്ന പേജ് ഔദ്യോഗികമായി ലോഞ്ച് ചെയ്‌തത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷനായി.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് തുടങ്ങിയവർ കന്റോൺമെന്റ് ഹൗസിലും മറ്റ് യു.ഡി.എഫ് കക്ഷി നേതാക്കൾ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു. ഫേസ് ബുക്കിൽ 'യു.ഡി.എഫ്. കേരളം ഒഫീഷ്യൽ എന്ന് സേർച്ച് ചെയ്താൽ പേജിൽ എത്താം. യു.ഡി.എഫിന്റെ പ്രചാരണായുധമായി പേജിനെ മാറ്റണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും ഈ പേജിൽ സജീവമാകണമെന്നും ജില്ലാതലത്തിൽ നടക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ ഈ പേജിലൂടെ ഷെയർ ചെയ്യണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി,.കെ.പി.എ. മജീദ്, ഡോ.എം.കെ.മുനീർ എം.എൽ.എ, പി.ജെ.ജോസഫ് എം.എൽ.എ, അനൂപ് ജേക്കബ് എം.എൽ.എ., സി.പി. ജോൺ, ജി. ദേവരാജൻ, ജോൺ ജോൺ എന്നിവർ സൂം മീറ്റിംഗിൽ പങ്കെടുത്തു.