തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂർക്കാവിലെ സി-ആപ്‌റ്റിൽ കസ്റ്റംസ് പരിശോധന നടത്തി.
യു.എ.ഇ കോൺസുലേറ്റിൽ നിന്ന് സീൽഡ് കവറുകളടക്കം ചില പാഴ്സലുകൾ സി-ആപ്റ്റിലും, ഇവിടെ നിന്ന് സി- ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തും എത്തിച്ചതായി വിവരം കിട്ടിയിരുന്നു..ഇതിന്റെ നിജസ്ഥിതി അറിയാനാണ് കസ്റ്റംസ് പരിശോധന. ഉച്ചയോടെ സി.ആപ്റ്റിന്റെ വട്ടിയൂർക്കാവിലെ ഓഫീസിലെത്തിയ കസ്റ്റംസ് സംഘം സി ആപ്‌റ്റിലെ ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
റംസാൻ റിലീഫിന്റെ ഭാഗമായി യു.എ.ഇ കോൺസുലേറ്റ് മലപ്പുറത്ത് നൽകിയ ഭക്ഷ്യകിറ്റിനൊപ്പം മതഗ്രന്ഥങ്ങളും വിതരണം ചെയ്തിരുന്നു. ഇത് സി-ആപ്‌റ്റിൽ അച്ചടിച്ചതായാണ് കസ്റ്റംസിന് കിട്ടിയ വിവരം. ഭക്ഷ്യ കിറ്റിനായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ മന്ത്രി കെ.ടി. ജലീൽ പലപ്പോഴായി വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഭക്ഷ്യകിറ്റിന്റെ ആവശ്യത്തിനായി യു.എ.ഇ കോൺസുൽ ജനറലിന്റെ നിർദ്ദേശ പ്രകാരമാണ് സ്വപ്നയെ വിളിച്ചതെന്നാണ് ജലീലിന്റെ വിശദീകരണം. സി- ആപ്‌റ്റിലെ സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും കസ്റ്റംസ് ശേഖരിച്ചു. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഹൈ സെക്യൂരിറ്റി പ്രിന്റിംഗ് പ്രസാണ് ഇവിടെയുള്ളത്.