rupees

കാഞ്ഞങ്ങാട്: അമ്പത് ലക്ഷം വരെ വായ്പ ലഭിക്കുമെന്നറിയിച്ച് മൊബൈൽ ഫോണിൽ ലഭിച്ച സന്ദേശത്തിനു പിറകെ പോയി അപേക്ഷ നൽകിയവരുടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടു. കർണാടക കേന്ദ്രീകരിച്ച് രണ്ടു പ്രമുഖ കമ്പനികളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘമാണ് കാഞ്ഞങ്ങാട് സ്വദേശികളുടെ പണം തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ട ഏച്ചിക്കാനം, വേലാശ്വരം സ്വദേശികൾ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി.

ആദിത്യ ബിർള ഗ്രൂപ്പ്, ഓറിയന്റൽ എക്സ്‌ചേഞ്ച് ഫിനാൻസ് സർവീസ് എന്നീ പേരുകളിലാണ് സന്ദേശം വന്നത്. മുദ്രക്കടലാസ് വാങ്ങുന്നതിലേക്കായി അക്കൗണ്ടിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ്. 50 ലക്ഷം രൂപവരെ ഈടില്ലാതെ വായ്പ നൽകാമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. 24 മണിക്കൂറിനകം അക്കൗണ്ടിലേക്ക് പണം എത്തിക്കുമെന്നാണ് അറിയിച്ചത്. ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ കോപ്പി നൽകിയിരിക്കണം. കർണാടകത്തിലെ സ്ഥാപനത്തിന്റെ പരിധിയിലുള്ള സ്ഥലത്തിന്റെ പേരിൽ മുദ്രപത്രം വേണമെന്ന് പറഞ്ഞാണ് പണം അയപ്പിച്ചത്. അവർ നൽകുന്ന വായ്പയ്ക്ക് ആറു ശതമാനം പലിശയേയുള്ളുവെന്നും വിശ്വസിപ്പിച്ചു. രണ്ടുപേരുമായി ഇവർ നൽകിയ അക്കൗണ്ടിലേക്ക് നാലരലക്ഷംരൂപ അയച്ചുകൊടുത്തു. ഇതേ രീതിയിലുള്ള തട്ടിപ്പുകൾ കാഞ്ഞങ്ങാട്ടും പരിസരത്തും ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.