vatt

കൂത്തുപറമ്പ്: ലോക്ക് ഡൗൺ ഇളവുകളോടെ ബീവറേജസ് ഔട്ട് ലെറ്റുകളും സ്വകാര്യ മദ്യഷോപ്പുകളും തുറന്നിട്ടും വ്യാജമദ്യ നിർമ്മാണത്തിന് കുറവില്ല. ലോക്ക് ഡൗൺ കാലം മുതലെടുക്കാൻ ആരംഭിച്ച വ്യാജമദ്യ നിർമ്മാണം ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. തുടർച്ചയായ ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളോളം ബീവറേജസ് ഔട്ട് ലെറ്റുകൾ അടഞ്ഞ് കിടന്ന സാഹചര്യത്തിലാണ് വ്യാജമദ്യ നിർമ്മാണ കേന്ദ്രങ്ങൾ പെരുകിയിരുന്നത്.

സ്ഥിരം മദ്യപാനികളായ പലരും ആശ്രയിച്ചിരുന്നത് നാട്ടിൻ പ്രദേശങ്ങളിൽ നിന്നും വാറ്റിയെടുക്കുന്ന ചാരായത്തെയായിരുന്നു. ഒഴിഞ്ഞ ചെങ്കൽപ്പണകളും, ആൾതാമസമില്ലാത്ത വീടുകളും മറ്റും വാറ്റുചാരായ നിർമ്മാണ കേന്ദ്രങ്ങളായി മാറുകയായിരുന്നു. ആവശ്യക്കാർ വർദ്ധിച്ചതോടെ വൻതോതിൽ വിലയും, വാറ്റുകേന്ദ്രങ്ങളുടെ എണ്ണവും വർദ്ധിച്ചു. എന്നാൽ വ്യാജമദ്യത്തിന്റെ ഒഴുക്ക് മുൻകൂട്ടിക്കണ്ട എക്സൈസും പൊലീസും ശക്തമായ പരിശോധന നടത്തി ചിലത് പിടികൂടി. എക്സൈസ് ഡ്രോൺ പരിശോധന വരെ നടത്തിയിരുന്നു. വിശ്രമമില്ലാത്ത പണിയായിരുന്നു ഈ സമയത്ത് എക്സൈസ് വകുപ്പിന്. കൂത്തുപറമ്പ് റെയ്ഞ്ച് പരിധിയിൽ മാത്രം 7410 ലിറ്റർ വാഷാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നത്. 15 പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു.

ആപ്പിൽ 'ആപ്പി"ലായവർ

'ഗുണ"ഭോക്താക്കൾ

ബീവറേജസ് ഔട്ട് ലെറ്റുകൾ തുറന്നതോടെ വാറ്റ് ചാരായ നിർമ്മാണത്തിന് കുറവുണ്ടാകുമെന്നായിരുന്നു എക്സൈസ് വകുപ്പിന്റെ കണക്കുകൂട്ടൽ. ജൂലായിൽ മാത്രം 10 അബ്കാരി കേസുകളാണ് കൂത്തുപറമ്പ് എക്സൈസ് ചുമത്തിയിട്ടുള്ളത്. 1250 ലിറ്റർ വാഷും, 38 ലിറ്റർ വാറ്റ് ചാരായവും പിടികൂടുകയും ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് പല എക്സൈസ് ഓഫീസുകളും. ബീവറേജസ് കോർപ്പറേഷൻ തയ്യാറാക്കിയ ബെവ് ക്യൂ ആപ്പ് ഉപയോഗിക്കാനറിയാത്തവരാണ് വാറ്റ് ചാരായത്തെ ആശ്രയിക്കുന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.

ലോക്ക് ഡൗണിന് ശേഷവും വ്യാജവാറ്റ് നടക്കുന്നുണ്ട്. ശക്തമായ പരിശോധന ഇതിനെതിരെ നടക്കുകയാണ്.

കെ. ഷാജി, എക്സൈസ് കൂത്തുപറമ്പ് റേഞ്ച് ഇൻസ്പെക്ടർ