തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടിച്ചേരലുകൾ പരമാവധി കുറച്ച്,സാമൂഹിക അകലം പാലിച്ചായിരുന്നു നഗരവാസികളുടെ ബക്രീദ് ആഘോഷം. നഗരത്തിലെ പ്രമുഖ പള്ളികളെല്ലാം പെരുന്നാൾ നമസ്‌കാരം വേണ്ടെന്നു വച്ചതോടെ പ്രാർത്ഥന വീടുകളിലേക്ക് ചുരുങ്ങുകയായിരുന്നു. ഇടപ്പഴഞ്ഞി പള്ളിയിൽ മാത്രമേ പ്രാർത്ഥനാ നമസ്കാരം നടന്നുള്ളൂവെന്ന് പൊലീസ് അറിയിച്ചു. പാളയം ജുമാ മസ്ജിദ് ഉൾപ്പെടെയുള്ള മറ്റു പള്ളികളിൽ നിസ്കാരം ഒഴിവാക്കി. കരമന, വിഴിഞ്ഞം,കഴക്കൂട്ടം,ശ്രീകാര്യം,പൂന്തുറ പുത്തൻപ്പള്ളി,കല്ലാട്ട് മുക്ക്,പരുത്തിക്കുഴി,പേട്ടയിലെ രണ്ടു പള്ളികൾ എന്നിവിടങ്ങളിൽ നിസ്‌കാരം ഒഴിവാക്കിയതായി നേരത്തെതന്നെ അറിയിച്ചിരുന്നു. അതേസമയം ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണായ വള്ളക്കടവ് മുസ്ലിം ജമാ അത്തിന്റെ കീഴിലുള്ള മസ്ജിദുകളിൽ ബലിപെരുന്നാൾ നിസ്‌കാരം നടന്നു. വള്ളക്കടവ് വലിയപള്ളി ജുമാ മസ്ജിദിൽ ചീഫ് ഇമാം ഹാഫിസ് അബ്ദുൽ ഗഫാർ മൗലവി, വള്ളക്കടവ് ജുമാ മസ്ജിദിൽ ഇമാം മുഹമ്മദ് അസ്അദ് അഹ്സനി പ്രിയദർശിനി നഗർ മസ്ജിദിൽ ഇമാം സയ്യദ്അലി അൽമഹ്ദലി എന്നിവർ നേതൃത്വം നൽകി. സർക്കാർ നിയന്ത്രണങ്ങൾക്കു വിധേയമായി ഓരോ പള്ളിയിലും 100പേർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. ബീമാപള്ളി ദർഗാ ഷെരീഫിലും നിയന്ത്രണങ്ങൾക്ക് വിധേയമായി നിസ്‌കാരം സംഘടിപ്പിച്ചിരുന്നു. ബലി കൊടുക്കൽ ചടങ്ങിനും ആരോഗ്യവകുപ്പ് മാനദണ്ഡങ്ങൾ മുന്നോട്ടുവച്ചിരുന്നു. ക്വാറന്റൈനിൽ കഴിയുന്നവരും പ്രാഥമിക സമ്പർക്കപ്പട്ടികയിലുൾപ്പെടുന്നവരും പരിശോധനാ ഫലം കാത്തിരിക്കുന്നവരും റൂം ക്വാറന്റൈനിൽ തന്നെ പ്രാർത്ഥനകൾ നടത്തി. കണ്ടെയ്ൻമെന്റ് സോണിൽ സമൂഹ പ്രാർത്ഥന, ഖുർബാനി എന്നിവ അനുവദിച്ചില്ല.
നിറപ്പകിട്ടുകൾ ഇല്ലാതാക്കിയ കൊവിഡ്
ഇത്തവണ ബലിപെരുന്നാൾ ആഘോഷത്തിന്റെ എല്ലാ നിറപ്പകിട്ടുകളെയും കൊവിഡ് ഇല്ലാതാക്കി.കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത നഗരമേഖലകളിൽ മാത്രമാണ് അല്‌പമെങ്കിലും തിരക്കുണ്ടായിരുന്നത്. ആളുകൾ കുറഞ്ഞതോടെ തുണിക്കടകളിലും കച്ചവടം ഇല്ലായിരുന്നു.ചെറിയ പെരുന്നാൾ ലോക്ഡൗൺ കാലത്തായിരുന്നെങ്കിലും നഗരത്തിൽ ബന്ധുക്കളൊക്കെ വീടുകളിൽ ഒത്തുചേർന്നിരുന്നു. എന്നാൽ സമൂഹവ്യാപനത്തിലേക്ക് മാറിയതോടെ ഓരോരുത്തരും കുടുംബാംഗങ്ങളുമൊത്ത് ചെറിയ രീതിയിലുള്ള ആഘോഷത്തിലേക്ക് ഒതുങ്ങിക്കൂടി. പെരുന്നാളിന് പള്ളിയിൽ പോവാനോ എല്ലാവരും ഒത്തുചേർന്ന് ആഘോഷിക്കാനോ കഴിയാത്ത അനുഭവം ആദ്യമാണെന്ന് പഴമക്കാർ പറഞ്ഞു.