കടയ്ക്കാവൂർ: ക്വാറന്റൈയിനിൽ കഴിയേണ്ടവർ കറങ്ങിനടക്കുന്നതായി ആക്ഷേപം. താഴംപള്ളിയിൽ പ്രദേശവാസികൾ ഭീതിയിൽ. അഞ്ചുതെങ്ങ് മേഖലയിൽ പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വീടുകളിലെ പ്രൈമറി കോണ്ടാക്ടിൽ ഉൾപ്പെട്ടവർ ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും അഭ്യർത്ഥന വകവെക്കാതെ കറങ്ങിനടക്കുന്നതായാണ് സൂചന.
തീരപ്രദേശങ്ങളിലെ വിവിധ മേഖലകളിൽ യാതൊരു മുൻകരുതൽ നടപടികളും സ്വീകരിക്കാതെയാണ് ഇത്തരക്കാർ വിലസി നടക്കുന്നത്. അത്യാവശ്യ സാധനങ്ങൾ വില്പന നടത്താൻ തുറന്നിരിക്കുന്ന സ്ഥാപനങ്ങളിലും ഇക്കൂട്ടർ യഥേഷ്ടം കടന്നുവരുന്നതായും സൂചനയുണ്ട്. ഇതിനെ ചോദ്യം ചെയ്യുന്നവരോട് കയർക്കുകയും അസഭ്യം പറയുകയും ചെയുന്ന ഇവരിൽ പലരും തങ്ങൾക്ക് ഒരു രോഗവും ഇല്ലെന്നാണ് സ്വയം പ്രഖ്യാപിച്ചുകൊണ്ട് വിഹരിക്കുന്നത്. മാത്രവുമല്ല കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്ന ആശാവർക്കർമാരെയും സന്നദ്ധപ്രവർത്തകരെയും അപമാനിക്കാൻ ശ്രമിക്കുന്നതായും പരാതിയുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രദേശവാസികൾ അധികൃതരോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.