പൂവാർ: തീരദേശ മേഖലയിലെ പൂവാർ ഫയർസ്റ്റേഷനിൽ ജോലിക്കെത്തിയ 12 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് ജീവനക്കാരും പ്രദേശവാസികളും ഭീതിയിലായിരിക്കുകയാണ്. തീരദേശത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിനൊപ്പമാണ് ഈ പ്രതിസന്ധികൂടി എത്തിയത്. കുളത്തൂർ, കാരോട്, പൂവാർ, കരുംകുളം, കാഞ്ഞിരംകുളം, തിരുപുറം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിൽ അണുനശീകരണം നടത്തിയിരുന്നത് പൂവാർ ഫയർസ്റ്റേഷനിലെ ജീവനക്കാരാണ്. സമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിളയിൽ ഇവർ നിരവധി തവണ സേവനം നടത്തിയിരുന്നു. പൂവാർ, കാരോട്, പൊഴിയൂർ പ്രദേശങ്ങളിൽ നാൾക്കുനാൾ രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇവിടങ്ങളിലും കൂടാതെ കൊല്ലങ്കോട് പോലുള്ള അതിർത്തി പ്രദേശങ്ങളിലെ കടകൾ, ബാങ്കുകൾ, മറ്റ് ഇതര സ്ഥാപനങ്ങളിലും അണുനശീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ഇവർ എത്തിയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ 44 ജീവനക്കാരിൽ 12 പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ ഓഫീസിന് സമീപത്തെ കടകളും സ്ഥാപനങ്ങളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ഫയർസ്റ്റേഷനിലെ രോഗബാധിതർ ഉപയോഗിച്ച റൂമും അതിനുള്ളിലെ ഫർണിച്ചറുകളുമാണ് രണ്ടാം ഫിഫ്റ്റിലെ ജീവനക്കാരും ഉപയോഗിക്കേണ്ടി വരുന്നത്. ഓഫീസും പരിസരവും പൂർണമായും അണു വിമുക്തമാക്കണമെന്നും ജീവനക്കാർക്ക് ആവശ്യമായ പ്രതിരോധ സജ്ജീകരണങ്ങൾ ഉറപ്പുവരുത്തണമെന്നും ജീവനക്കാരുടെ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
പ്രവർത്തനം വാടക കെട്ടിടത്തിൽ
2009-ൽ പൂവാറിനെ ഗ്രസിച്ച വർഗീയ കലാപത്തെ തുടർന്നാണ് പൂവാർ കേന്ദ്രീകരിച്ച് ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ നിലവിൽ വന്നത്. അന്നു മുതൽ ഇന്നുവരെ വാടക കെട്ടിടത്തിലാണ് പ്രവർത്തനം. 2018 മുതലാണ് ഇന്നു കാണുന്ന കെട്ടിടത്തിലേക്ക് മാറിയത്. പ്രതിമാസം16500 രൂപ വാടക നൽകുന്ന ഈ കെട്ടിടത്തിന് സ്ഥലസൗകര്യമുണ്ടെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഇല്ലെന്ന് പരാതിയുണ്ട്. ഗ്രാമ പഞ്ചായത്ത് ഭൂമി കണ്ടെത്തി നൽകിയാൽ സ്വന്തം കെട്ടിടം നിർമ്മിക്കാമെന്നാണ് ഡിപ്പാർട്ട്മെന്റ് ഉറപ്പ് നൽകിയിട്ടുള്ളതെന്നും ജീവനക്കാർ പറഞ്ഞു. ഈ മഹാമാരിയുടെ ഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഫയർ ഡിപ്പാർട്ട്മെന്റ്. അവിടത്തെ ജീവനക്കാരെ സംരക്ഷിക്കാനുള്ള കരുതൽ സർക്കാർ കാട്ടണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.