കിളിമാനൂർ: കൊവിഡ് ഭീതിയിൽ നാടും നഗരവും കഷ്ടപ്പെടുമ്പോൾ സഹജീവി സ്നേഹത്തിനും കരുതലിനും മാതൃകയായി മടവൂർ ഗവ. എൽ പി സ്കൂളിലെ ഹാഷ്മി അൽ മുബാറക് എന്ന നാലാം ക്ലാസുകാരൻ. ഇത്തവണ പെരുന്നാൾ ആഘോഷം മാറ്റിവെച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് സമൂഹത്തിന് തന്നെ മാതൃകയായി തീർന്നിരിക്കുകയാണ് ഹാഷ്മി എന്ന കൊച്ചുമിടുക്കൻ. മാതാപിതാക്കളുടെ പിന്തുണ കൂടി ലഭിച്ചപ്പോൾ ആഗ്രഹ സാക്ഷാത്കാരത്തിന് വഴിതുറന്ന സന്തോഷത്തിലാണ് ഹാഷ്മി. ഇതിന് മുൻപും സ്കൂളിൽ നിന്നും കിട്ടിയ ഭക്ഷ്യധാന്യക്കിറ്റ് സഹപാഠിക്ക് നൽകിയ ഈ കൊച്ചു ബാലൻ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മിടുക്കനാണ്. പെരുന്നാൾ ആഘോഷം മാറ്റിവെച്ച് സ്വരൂപിച്ച തുക വർക്കല എം.എൽ.എ അഡ്വ. വി. ജോയിക്ക് കൈമാറി.