വക്കം: കീഴാറ്റിങ്ങൽ ജംഗ്ഷന് സമീപത്തെ ഹംബ് വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. അശാസ്ത്രീയമായ നിർമ്മാണവും ഹംബ് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലുമാണിപ്പോൾ. ആറ്റിങ്ങൽ മേഖലയിലെ ദേശീയപാത വൺവേ ആയതോടെ കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ രാപകൽ ഇതുവഴിയാണ് കടന്ന് പോകുന്നത്. ജംഗ്ഷന് സമീപത്തെ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലാണീ ഹംബ്. ഹംബ് തിരിച്ചറിയുന്നതിനുള്ള സീബ്രാ ലൈനുകൾ ഒന്നും തന്നെ ഇവിടെയില്ല. രാത്രിയിലെ വാഹന യാത്രക്കാരാണ് ഹംബിൽ പെട്ട് പോകുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഹംബ് കണ്ട് വാഹനം ബ്രേക്ക് ചെയ്യുന്നതിനിടയിൽ തന്നെ ഹംബ് കടന്നിരിക്കുകയും, തുടർന്ന് വാഹനം നിയന്ത്രണം വിടുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ മറിയുകയാണ് പതിവ്. സമീപവാസികളാണ് എപ്പോഴും അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാനെത്തുന്നത്. ഏത് സമയത്തും ഇവിടെ അപകടം പതിവാണ്. ഇതിനെല്ലാം പുറമേ ഹംബ് സ്ഥാപിച്ചിരിക്കുന്നത് ചെറിയ കയറ്റമുള്ള സ്ഥലത്താണ്. ഹംബിനോട് ചേർന്നുള്ള വഴി വിളക്ക് മാസങ്ങളായി കത്തുന്നില്ല. ദേശീയപാതയുടെ പണികൾ പൂർത്തിയാകാൻ മാസങ്ങൾ വേണമെന്നിരിക്കേ ഹംബിൽ സീബ്രാ ലൈൻ തെളിക്കുകയും, വൈദ്യുതി പോസ്റ്റിലെ ട്യൂബ് കത്തിക്കാനും നടപടിയുണ്ടാകണം.