തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഫയൽ സ്തംഭനം ഒഴിവാക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. ഒന്നര ലക്ഷത്തിലേറെ ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.
ഓരോ വകുപ്പിലും ജൂലായ് 30വരെ തീർപ്പാകാതെ കിടക്കുന്ന ഫയലുകളുടെ എണ്ണം, അതിന്റെ പുരോഗതി എന്നിവ അറിയിക്കാനാണ് സെക്രട്ടറിമാരോട് നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇതിന് മുമ്പ് ഫയൽ തീർപ്പാക്കാൻ യോഗം വിളിച്ചത്. എന്നാൽ പിന്നീട് ഫയൽ നീക്കം പഴയപടിയായി.
കൊവിഡ് ലോക്ക് ഡൗണിന് മുമ്പു തന്നെ സെക്രട്ടേറിയറ്റിൽ ഫയൽ കൂമ്പാരമാണ്. ലോക്ക് ഡൗൺ വന്ന് ഓഫീസ് പ്രവർത്തിക്കാതായതോടെ സ്ഥിതി കൂടുതൽ വഷളായി. ലോക്ക് ഡൗൺ ഏതാണ്ട് ഒരു മാസം പിന്നിട്ട ശേഷമാണ് അല്പമായെങ്കിലും ഓഫീസ് പ്രവർത്തനം തുടങ്ങിയത്. സജീവമായിത്തുടങ്ങിയ ഘട്ടത്തിൽ ജൂലായ് ആറിന് തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നു. ഇതോടെ ഒരാഴ്ച സെക്രട്ടേറിയറ്റ് അടഞ്ഞുകിടന്നു. ലോക്ക് ഡൗൺ തുടർന്നതിനാൽ സെക്രട്ടേറിയറ്റും സ്തംഭനാവസ്ഥയിലായി.
ട്രിപ്പിൾ ലോക്ക് ഡൗണിന് ശേഷം ആരോഗ്യം, ആഭ്യന്തരം, തദ്ദേശഭരണം വകുപ്പുകളിൽ 50 ശതമാനം ജീവനക്കാർ ഹാജരാകണമെന്ന് നിർദ്ദേശമുണ്ടായെങ്കിലും 10 ശതമാനം പേർ പോലും എത്തിത്തുടങ്ങിയിട്ടില്ല. കൊവിഡ് വ്യാപനത്തെ തുടർന്ന് കൂടുതൽ മേഖലകൾ കണ്ടെയ്ൻമെന്റ് സോണുകളാകുന്നത് ജീവനക്കാരുടെ വരവിനെയും ബാധിക്കുന്നു.
ഉടൻ തീർപ്പാക്കേണ്ട
ഫയലിലും നടപടിയില്ല
കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ജനങ്ങളെ സെക്രട്ടേറിയറ്റിലേക്ക് കയറ്റാതായതോടെ ഫയലുകളുടെ ചുവപ്പുനാടയിൽ കുടുങ്ങിയ ഒട്ടേറെ ജീവിതങ്ങൾ വഴിമുട്ടുകയാണ്. സർക്കാരിന്റെ കാലാവധി തീരാൻ 9 മാസം മാത്രം ശേഷിക്കെ, അടിയന്തരമായി തീർപ്പാക്കേണ്ട ഫയലുകളിൽ പോലും നടപടിയില്ല. ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യുമെന്ന സർക്കാർ പ്രഖ്യാപനവും വലിയതോതിൽ പ്രാവർത്തികമായില്ല. ഓഫീസിലെത്താത്തവർ പ്രാദേശികമായി കൊവിഡ് സന്നദ്ധ പ്രവർത്തനത്തിലും മറ്റും പങ്കാളികളാകണമെന്ന നിർദ്ദേശവും കാര്യമായി പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.