water

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപിന് ലഭിച്ച പുരസ്കാര തുക ചെലവിട്ട് അനാഥയായ വീട്ടമ്മയ്ക്ക് കുടിവെള്ള സൗകര്യമൊരുക്കി.

ആറ്റിങ്ങൽ നഗരസഭ 4-ാം വാർഡിൽ മുഞ്ഞിനാട് തൊടിക്കുളത്ത് വീട്ടിൽ 65 കാരിയായ രാധയ്ക്കാണ് സഹായം എത്തിച്ചത്. ഇവർക്ക് സർക്കാരിന്റെ കുടിവെള്ള കണക്ഷൻ ലഭിക്കുന്നതിന് ഏറെ സാങ്കേതിക ബുദ്ധിമുട്ടുകൾ നിലനിന്നിരുന്നു. പരസഹായമില്ലാതെ ആവശ്യത്തിനുള്ള വെള്ളം സംഭരിക്കുന്നതിന് വൃദ്ധയായ ഇവർ ഏറെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ട ചെയർമാൻ അടിയന്തരമായി കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.

2019 ൽ ജില്ലയിലെ ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള വെട്ടൂർ സദാശിവൻ പുരസ്കാരത്തിന് നഗരസഭാ ചെയർമാൻ അർഹനായിരുന്നു. പുരസ്കാര തുകയായി ലഭിച്ച 15000 രൂപ ആറ്റിങ്ങൽ കിഴക്ക് മേഖലയിലെ അഡ്വ. എ. മുഹമ്മദ്കുഞ്ഞ് പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് കൈമാറിയിരുന്നു.

ഈ തുകയിൽ നിന്ന് 7800 രൂപ ചെലവിട്ടാണ് പാലിയേറ്റീവ് സെന്റെറിന്റെ നേതൃത്വത്തിൽ അവിവാഹിതയായ രാധയ്ക്ക് പമ്പ്സെറ്റ് ഉൾപ്പടെയുള്ളവ സ്ഥാപിച്ച് ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തിയത്.

നഗരസഭ ചെയർമാൻ എം. പ്രദീപ് ആദ്യകുടം വെള്ളം ശേഖരിച്ച് രാധയ്ക്ക് കൈമാറി. ക്ഷേമകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ജമീല, വാർഡ് കൗൺസിലർ കെ.എസ്. സന്തോഷ് കുമാർ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം എസ്. കുമാരി, പാലിയേറ്റീവ് രക്ഷാധികാരി സി. ചന്ദ്രബോസ്, എം. മുരളി, ട്രഷറർ അനീഷ്, കർഷകസംഘം പ്രസിഡന്റ് രാധാകൃഷ്ണകുറുപ്പ് എന്നിവ‌ർ പങ്കെടുത്തു.