corona

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ കൊവിഡ് പൊസിറ്റീവ് കേസിൽ ആശങ്ക വേണ്ടെന്ന് ചെയർമാൻ പറഞ്ഞു.

നഗരസഭ കൊടുമൺ 23-ാം വാർഡിൽ മൂഴി അങ്കണവാടിക്ക് സമീപത്തെ 42 കാരനായ പൊലീസ് ഓഫീസർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴക്കൂട്ടം കന്റോൺമെന്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണിയാൾ. കൂടെ ജോലിയിലുണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാൾ സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. സ്രവ പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് അശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻജോസ് നഗരസഭാ ചെയർമാൻ എം. പ്രദീപ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

സമ്പർക്ക പട്ടിക തയ്യാറാക്കി.

കഴിഞ്ഞ ദിവസം ഇയാൾ വേളാർകുട്ടിയിലെ ഒരു വർക്ക് ഷോപ്പിൽ പോയിരുന്നതായി മനസിലാക്കുകയും സ്ഥാപനം പൂട്ടിച്ച് ഉടമയോടും ജീവനക്കാരോടും ഹോം ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു. പ്രൈമറി കോൺടാക്റ്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഇയാളുടെ ഭാര്യ 27 ന് സന്ദർശിച്ചിരുന്ന മിയ ഫ്ലവർമില്ലും, ഭാമ ബേക്കറിയും 28ന് സന്ദർശിച്ച ടൗൺ യു.പി സ്കൂളും, മധുര അലൂമിനിയം സ്റ്റോറും, ജി.എച്ച്.എസ്.എസ് ജംഗ്ഷനിൽ വക്കം റോഡിലെ ഫ്രൂട്ട്സ് ആൻഡ് ടീ സ്റ്റാളും, എസ്.കെ.എൻ പച്ചക്കറി കടയും നഗരസഭ ആരോഗ്യ വിഭാഗം അടപ്പിക്കുകയും ജീവനക്കാർ ഉൾപ്പടെയുള്ളവരെ സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിക്കുകയും ചെയ്തു.

ഈ മാസം 27, 28 തീയതികളിലായി മേൽപ്പറഞ്ഞ കടകളിലോ സ്ഥാപനങ്ങളിലോ സന്ദർശിച്ചവർ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇയാൾക്ക് രോഗം പകർന്നത് നഗരസഭാ പരിധിയിൽ നിന്നല്ലാത്തതിനാൽ നഗരവാസികൾക്ക് ആശങ്ക വേണ്ടെന്നും ജാഗ്രത മാത്രം മതിയെന്നും ചെയർമാൻ എം.പ്രദീപ് പറഞ്ഞു. കൗൺസിലർ എസ്. ഷീജ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ എസ്.എസ്. മനോജ്, മുബാരക്ക്, അഭിനന്ദ്, ലാലു മുഹമ്മദ്, ബിന്ദു, അജി, വാർഡ് ദുരന്ത നിവാരണ കമ്മിറ്റി അംഗങ്ങളായ സന്തോഷ്, സുഖിൽ എന്നിവരുടെ നേതൃത്വത്തിൽ പരിസരവാസികൾക്ക് ബോധവത്കരണം നടത്തി. നഗരസഭ ശുചീകരണ വിഭാഗം വീടും പരിസരവും വാഹനങ്ങളും അണുവിമുക്‌തമാക്കി.