തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് തന്നെ വേണമെന്ന സർക്കാരിന്റെ നിർബന്ധബുദ്ധി ചോദ്യം ചെയ്യപ്പെടുന്നു.നിയമക്കുരുക്ക് ഇല്ലാത്തതും സർക്കാരിന് സുഗമായി ഏറ്റെടുക്കാൻ കഴിയുന്നതുമായ സ്ഥലങ്ങൾ ഇതിനായി അന്നത്തെ റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തിലുള്ള കമ്മിറ്രി കണ്ടെത്തിയ ലിസ്റ്റിലുണ്ട്.
ചെറുവള്ളി എസ്റ്രേറ്രിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള തർക്കവും സർക്കാർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ പണം കെട്ടിവയ്ക്കാനുള്ള നീക്കവും വിവാദമായതോടെയാണ് മറ്റു സ്ഥലങ്ങൾ പരിഗണിക്കണമെന്ന നിർദേശം ഉയരുന്നത്.
2017 ഏപ്രിൽ ഏഴിനാണ് പി.എച്ച് കുര്യന്റെ നേതൃത്വത്തിലുള്ള കമ്മിറ്രി കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ആറ് സ്ഥലങ്ങൾ പരിശോധിച്ചത്.കുര്യനെ കൂടാതെ വിമാനത്താവളത്തിന്റെ പ്രാഥമിക ചുമതലയുണ്ടായിരുന്ന കെ.എസ്.ഐ.ഡി.സിയുടെ അന്നത്തെ മാനേജിംഗ് ഡയറക്ടർ എം.ബീന, കോട്ടയം കളക്ടർ സി.എ. ലത (നിലവിൽ ലാൻഡ് റവന്യൂ കമ്മിഷണർ), പത്തനംതിട്ട കളക്ടർ ആർ.ഗിരിജ (നിലവിൽ സർവേ ഡയറക്ടർ) എന്നിവരാണ് ഉണ്ടായിരുന്നത്.ചെറുവള്ളി അനുയോജ്യമാണെന്ന് സമിതി സർക്കാരിനെ അറിയിച്ചു.
പാട്ട ഭൂമി ഹാരിസൺ കമ്പനി വില്പന നടത്തുകയും തങ്ങൾ വില കൊടുത്തു വാങ്ങിയെന്ന് മറ്റൊരു സ്ഥാപനം അവകാശപ്പെടുകയും ചെയ്യുന്ന
ചെറുവള്ളി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ, ഇതു സർക്കാർ ഭൂമിയാണെങ്കിൽ സർക്കാരെന്തിന് പണം കെട്ടിവയ്ക്കുന്നതെന്ന ചോദ്യം ഉന്നയിച്ച് ഹൈക്കോടതി നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്.അങ്ങനെ ചെയ്യാൻ അധികാരം നൽകുന്ന നിയമം കാെണ്ടുവന്ന് പണം കെട്ടിവച്ച് തന്നെ ഈ ഭൂമി ഏറ്റെടുക്കണമെന്ന നിലപാടിലാണ് സർക്കാർ.
ഇക്കാര്യത്തിൽ റവന്യൂ വകുപ്പിന് യോജിപ്പില്ലെന്നാണ് അറിയുന്നത്.
സമിതി പരിശോധിച്ച എസ്റ്റേറ്റുകൾ
(വിസ്തൃതി ഏക്കറിൽ)
പത്തനംതിട്ട ജില്ല
ളാഹ, പത്തനംതിട്ട: 2466.11
കല്ലേലി, കോന്നി: 2629.50
കുമ്പഴ, കോന്നി: 2569.89
കോട്ടയം ജില്ല
ചെറുവള്ളി : 2263.18
പ്രൊപ്പോസ് : 824.48
വെള്ളനാടി: 749.10
കോട്ടയം ജില്ലയിലെ മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ഞാൻ സന്ദർശിച്ചത്. അതിൽ വലിയ സ്ഥലം ചെറുവള്ളിയായതുകൊണ്ടാണ് നല്ലതാണെന്ന് അഭിപ്രായപ്പെട്ടത്.
-സി.എ. ലത
ലാൻഡ് റവന്യൂ കമ്മിഷണർ.
പത്തനംതിട്ട ജില്ലയിലെ സ്ഥലങ്ങളിൽ മാത്രമാണ് ഞാൻ പോയത്. തീരുമാനം അവർ എടുക്കുകയായിരുന്നു. ചെറുവള്ളി എസ്റ്രേറ്രിൽ പോയിട്ടില്ല.
ആർ. ഗിരിജ,
സർവേ ഡയറക്ടർ