ആറ്റിങ്ങൽ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാനസിക സമ്മർദം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമേകുന്നതിനായി സ്റ്റുഡൻസ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ചിരി എന്ന പേരിൽ ഓൺലൈൻ കൗൺസിലിംഗ് ആരംഭിച്ചു.
രോഗവ്യാപനം തുടങ്ങിയ മാർച്ച് മാസം മുതൽ ഇതുവരെ അറുപതിലേറെ കുട്ടികൾ പലവിധ കാരണങ്ങളാൽ സ്വയം ജീവനൊടുക്കിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാന തലത്തിൽ നടത്തുന്ന ചിരി പദ്ധതിയിൽ തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്ന് മൂന്ന് അദ്ധ്യാപകർക്കും പതിനഞ്ച് കേഡറ്റുകൾക്കുമാണ് പരിശീലനം ലഭിച്ചത്.
ചിരിയിലേക്ക് വിളിക്കാനായി 9497900200 എന്ന ടോൾ ഫ്രീ നമ്പറാണ് ഉപയോഗിക്കേണ്ടത്. മറ്റ് കൗൺസിലിംഗുകളിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾക്ക് വിരസത അകറ്റുന്നതിനായി നിസാരമായ കാര്യങ്ങൾക്കു പോലും ഈ നമ്പറിലേക്ക് വിളിക്കാവുന്നതും സരസവുമായ മറുപടികളിലൂടെ മാനസിക സംഘർഷം ലഘൂകരിക്കാവുന്നതുമാണ്. രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ചിരിയിലേക്ക് വിളിക്കാം. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ വി.എസ്. ദിനരാജ്, അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ ടി.എസ്. അനിൽകുമാർ എന്നിവരാണ് തിരുവനന്തപുരം റൂറൽ ജില്ലയിൽ ചിരിക്ക് നേതൃത്വം കൊടുക്കുന്നത്. പരിശീലനം പൂർത്തിയാക്കിയ15 കേഡറ്റുകളിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സാത്വിക ദിലിപ്, വൈ.എസ്. സാനിയ എന്നിവരുമുണ്ട്.