meenmooty-

കിളിമാനൂർ: സംസ്ഥാനത്ത് പുതിയൊരു ടൂറിസം സീസണിന് തുടക്കം കുറിക്കാനൊരുങ്ങുമ്പോൾ പ്രദേശത്തെ മിക്ക ടൂറിസ്റ്റ് സ്ഥലങ്ങളും കൊവിഡ് പിടിയിൽ.നൂറു കണക്കിന് സഞ്ചാരികൾ എത്തേണ്ടിടത്ത് കൊവിഡ് പിടി മുറുക്കിയിരിക്കുകയാണ്. ഇത് കാരണം ഈ സ്ഥലങ്ങളിൽ ഒക്കെ സാമ്പത്തിക പ്രതിസന്ധിയും,ടൂറിസം ലക്ഷ്യമാക്കി അനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നവരും ബുദ്ധിമുട്ടിലാണ്ട്.ഇതിന് ഒരു ഉദാഹരണമാണ് മീൻമുട്ടി വെള്ളച്ചാട്ടം. സംസ്ഥാന പാതയിൽ നിന്നു ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കുമ്മിൾ, പഴയകുന്നുമ്മൽ പഞ്ചായത്തുകൾക്ക് അതിരുകളിൽ ഇരുന്നൂടി എന്ന ഗ്രാമത്തിലാണ് മീൻമുട്ടി സ്ഥിതി ചെയ്യുന്നത്. കണ്ണീർ പോലെ ശുദ്ധമായ കാട്ടരുവി ഇവിടെ പാറക്കെടുകൾക്ക് മുകളിലൂടെ 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന മനോഹര ദൃശ്യം ഏതൊരു വിനോദ സഞ്ചാരിയുടെയും മനം കുളിർപ്പിക്കുന്നതാണ്. വെള്ളച്ചാട്ടത്തിന് താഴെ മീനുകൾ പാറകളിൽ മുട്ടിയുരുമ്മി നിൽക്കുന്ന കാഴ്ചയും ഇവിടെ കാണാം. അതുകൊണ്ടാണത്രെ മീൻമുട്ടിയെന്ന് വെള്ളച്ചാട്ടത്തിന് പേര് ലഭിച്ചത്.

ചരിത്രം

ശ്രീനാരായണ ഗുരുവിന്റെ പന്തിഭോജനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ മീൻമുട്ടിക്കും അതിൽ പങ്കുണ്ട്. ശിവഗിരിയുടെയോ അരുവിപ്പുറത്തിന്റെയോ പ്രാധാന്യം അർഹിക്കുന്ന ഒരിടമായി മാറിയേനെ അധികൃതർ ശ്രദ്ധിച്ചെങ്കിൽ. കൊല്ലവർഷം 107l ൽ ഗുരു ഇവിടെ സന്ദർശിക്കുകയും മൂന്ന് ദിവസം ഇവിടെ ധ്യാനനിരതനായി ഇരിക്കുകയും ചെയ്തതായി ചരിത്ര രേഖകളിൽ കാണുന്നു. ജാതീയ ഉച്ചനീചത്വങ്ങൾ കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്ത് അവർണ സവർണ ഭേദങ്ങൾ രൂക്ഷമല്ലാതിരുന്ന പ്രദേശമായിരുന്നത്രേ മീൻമൂട്ടി. അക്കാരണത്താലാകാം ഗുരു ധ്യാനത്തിനായി ഇവിടെ തിരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു. ഇവിടുള്ള പാറമുകളിൽ ഇരുന്ന് ജാതീയ വേർതിരിവില്ലാതെ നാട്ടുകാരെ ഊട്ടിയതിനാലാണ് ഗ്രാമത്തിന് ഇരുന്നൂട്ടിയെന്ന സ്ഥലനാമത്തിന് കാരണമായത്. കൊല്ലവർഷം 1118 ൽ ഇവിടെ രൂപീകരിച്ച ശ്രീചിത്രാ വ്രത സമാജത്തിന്റെ രേഖകളിൽ ഗുരുവിന്റെ സന്ദർശനവും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

വികസനവും ഇല്ല

വെള്ളച്ചാട്ടത്തിന് ഉള്ളിലായി പാറക്കെട്ടിനിടയിലുള്ള ഗുഹയും സഞ്ചാരികളെ ആകർഷിക്കുന്നു. ദിവസേന നൂറു കണക്കിന് ആളുകൾ എത്തുകയും വർഷത്തിൽ കർക്കടകവാവിന് ആയിരങ്ങൾ എത്തുന്ന ഇവിടെ സമീപകാലത്ത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 35 ലക്ഷം രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയതൊഴിച്ചാൽ വിനോദ സഞ്ചാരികൾക്കോ, ശ്രീനാരായണ ഗുരുഭക്തർക്കായോ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നാണ് ആക്ഷേപം.

ആവശ്യങ്ങൾ

ശ്രീനാരായണ ഗുരുദേവന്റെ സന്ദർശനത്തിന് അർഹിച്ച പ്രാധാന്യം നൽകി സ്മാരകം നിർമ്മിക്കണം

വർഷം തോറും കർക്കടക വാവിന് എത്തുന്നവർക്കായി ഒരു ബലിമണ്ഡപം സ്ഥാപിക്കണം