തിരുവനന്തപുരം: കോർപറേഷനെ നയിക്കുന്ന പ്രധാനികൾ ഡ്രൈവർമാരാണെന്ന തിരിച്ചറിവിനെ തുടർന്ന് അവരുടെ വേതനം കൂട്ടുന്നതിന് കെ.എസ്.ആർ.ടി.സി ശമ്പള വർദ്ധന പാക്കേജ് തയ്യാറാക്കുന്നു. മറ്റ് ജീവനക്കാരെ അപേക്ഷിച്ച് ഡ്രൈവർമാർക്ക് വിശ്രമം കുറവാണെന്നും പെട്ടെന്ന് രോഗബാധിതരാകുകയാണെന്നുമുള്ള റിപ്പോർട്ടും മാനേജ്മെന്റിന്റെ മുന്നിലുണ്ട്. അടുത്തിടെ ഹൃദയാഘാതവും കാൻസറും കാരണം മരിച്ച അഞ്ച് ജീവനക്കാരും ഡ്രൈവർമാരായിരുന്നു.
മറ്റ് ജോലിക്കു പോകുന്ന ഡ്രൈവർമാരുമുണ്ട്. ഇത് ശരിയായ വിശ്രമം കിട്ടാത്തതിനും കാരണമാകുന്നു. ദീർഘദൂര സർവീസുകളിലെ ഡ്രൈവർ തുടർച്ചയായി 14 മണിക്കൂർ വരെ ഡ്രൈവിംഗ് ചെയ്യുന്നുണ്ട്. പുതിയ ഡ്രൈവർമാർക്ക് ശമ്പളം എല്ലാ പിടിത്തവുമുൾപ്പെടെ 20,746 രൂപയാണ് കിട്ടുന്നത്. സൂപ്പർവൈസറാകാതെ വിരമിക്കുകയാണെങ്കിൽ 35,729 രൂപ വരെ കിട്ടും. പക്ഷേ വായ്‌പ എടുത്തിട്ടുള്ളവരുടെ തിരച്ചടവുൾപ്പെടെ പിടിക്കുമ്പോൾ കൈയിൽ കിട്ടുന്നത് ഇരുപതിനായിരം രൂപ മാത്രം. കണ്ടക്ടർമാർക്ക് പ്രൊമോഷനിലൂടെ എക്സിക്യൂട്ടീവ് ഡയറക്ടർവരെയാകാം. എന്നാൽ ഡ്രൈവറുടെ പ്രൊമോഷൻ വെഹിക്കൾ സൂപ്പർവൈസറിൽ അവസാനിക്കും.
വാഹനത്തിന്റെയും യാത്രക്കാരുടെയും വഴിയാത്രക്കാരുടെയും സുരക്ഷിതരാകുന്നത് ഡ്രൈവർമാരായത് കൊണ്ടാണ് അവരെ പ്രത്യേകമായി പരിഗണിക്കുന്നതെന്ന് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
പൊളിയുന്ന ഡ്രൈവർ കം കണ്ടക്ടർ
ദീർഘദൂര സർവീസുകളിൽ റിസർവ് ചെയ്ത് യാത്രക്കാർ കയറുമ്പോൾ കണ്ടക്ടർമാർക്ക് ജോലി കുറവാണ്. അതുകൊണ്ടാണ് കണ്ടക്ടർമാരെ മാറ്റി പകരം രണ്ട് ഡ്രൈവർമാരെ ജോലിക്ക് നിയോഗിച്ചത്. ഒരാൾ വിശ്രമിക്കുമ്പോൾ മറ്റെയാൾ വാഹനം ഓടിക്കണം. ടി.പി. സെൻകുമാർ എം.ഡിയായിരുന്നപ്പോഴാണ് ഇത് കൊണ്ടുവന്നത്. പക്ഷേ അത് തുടക്കത്തിലേ ചിലർ മുടക്കി. പിന്നീട് ഹേമചന്ദ്രൻ എം.ഡിയായപ്പോൾ പദ്ധതി വീണ്ടു നടപ്പാക്കാൻ ശ്രമിച്ചു. ടോമിൻ തച്ചങ്കരി എം.ഡിയായപ്പോൾ ഫലപ്രദമായി നടപ്പിലാക്കി. അദ്ദേഹം സ്ഥാനൊഴിഞ്ഞപ്പോൾ പദ്ധതി അട്ടിമറിക്കപ്പെട്ടു.
ശമ്പളക്രമം ഇങ്ങനെ
സെക്കൻഡ് ഗ്രേഡ് ഡ്രൈവർ- 20,746രൂപ
9 വർഷം കഴിയുമ്പോൾ പ്രൊമോഷൻ
ഫസ്റ്റ് ഗ്രേഡ് ഡ്രൈവർ- 27,078
15 വർഷം കഴിയുമ്പോൾ
സെലക്ഷൻ ഗ്രേഡ് ഡ്രൈവർ- 31,764
18 വർഷം കഴിയുമ്പോൾ
സ്പെഷ്യൽ ഗ്രേഡ് ഡ്രൈവർ- 35,729
വൈഹിക്കിൾ സൂപ്പർ വൈസർ- 37,723
(സ്പെഷ്യൽ ഗ്രേഡ് ഡ്രൈവർമാരിൽ നിന്ന് ഒഴിവ് നോക്കിയാണ് വെഹിക്കിൾ സൂപ്പർ വൈസർ നിയമനം. ഈ തസ്തികയിൽ 251 പേരാണുള്ളത്)