വിതുര: തിരുവനന്തപുരം ജില്ലയിലെ ആദിവാസി മേഖലകളിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ട വിതുര ചെമ്പിക്കുന്ന് ആദിവാസി മേഖലയിലെ മാധവൻകാണിയുടെ വീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു. വന്യജീവിശല്യം രൂക്ഷമായ ഇവിടെ മറ്റ് വികസനപ്രവർത്തനങ്ങളും സാദ്ധ്യമാക്കാൻ നടപടികൾ സ്വീകരിക്കും. ആദിവാസി ഉൗരിലേക്കുള്ള ചെമ്പിക്കുന്ന്-അല്ലത്താര-കൊമ്പ്രാംകല്ല് റോഡ് നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റ് ടെൻഡർ നടപടികൾ പൂർത്തിയായി. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇവിടെ പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ വനജോതി പഠന കേന്ദ്രം ഇപ്പോൾ താത്കാലിക ,ഷെഡിലാണ് പ്രവർത്തിക്കുന്നത്. പ്രദേശത്ത് ഇത്തരം സാംസ്കാരിക വിദ്യാഭ്യാസസ്ഥാപനങ്ങൾക്കായി കമ്മ്യൂണിറ്റിഹാൾ നിർമ്മിക്കുന്നതിനുള്ള ഫണ്ട് ജില്ലാ എസ്.സി, എസ്.ടി വർക്കിംഗ് ഗ്രൂപ്പിന്റെ അടുത്ത യോഗത്തിൽ പാസാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. കാട്ടുമൃഗങ്ങളുടെ ശല്യം നിമിത്തം അനവധി ആദിവാസികളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ആദിവാസി മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗ് ആന, കാട്ടുപോത്ത് ഉൾപ്പടെയുള്ള വലിയ ജീവികളുടെ ശല്യം തടയാൻ പര്യാപ്തമല്ല. ആനക്കിടങ്ങുകൾ സ്ഥാപിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം. ഇൗ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് വി.കെ. മധു ഉൗരുമൂപ്പനും, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരിക്കും ഉറപ്പ് നൽകി. ആദിവാസിമേഖലകളിൽ വർദ്ധിച്ചു വരുന്ന കാട്ടുമൃഗശല്യത്തെ കുറിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പത്ത് ലക്ഷം രൂപ അനുവദിച്ചു
വിതുര ചെമ്പിക്കുന്ന് അല്ലത്താരയിൽ വനത്തിൽ നിന്നും ചക്ക ശേഖരിക്കാൻ പോകുന്നതിനിടയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധവൻകാണിയുടെ കുടുംബത്തിന് വനം വകുപ്പ് പത്ത് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു. ഇൗ തുക ഉടൻ മാധവൻകാണിയുടെ കുടുംബത്തിന് ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും.